

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് അടക്കം പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാൽ കപ്പലിങ്ങനെ ദ്വാരം പിടിച്ച് മുങ്ങുന്നുവെന്ന് പ്രചരിച്ചവരോട് ഈ കപ്പൽ അങ്ങനെ മുങ്ങുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്കെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ മുന്നണിക്കുണ്ട്, മുന്നണിയുടെ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യകേരളത്തിലും മലപ്പുറത്തും ഉണ്ടായ പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം ഞങ്ങൾക്ക് എതിരായെന്ന് പറയാനാകില്ല. മലപ്പുറത്തെ വോട്ട് പരിശോധിക്കുമ്പോൾ പത്ത് ലക്ഷം വോട്ട് ഞങ്ങൾക്കുണ്ട്. എൽഡിഎഫിന് എല്ലാ സാമുദായിക മതവിഭാഗങ്ങൾക്കിടയിലും നല്ല വോട്ട് നേടാനായെന്നാണ് കരുതുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-യുഡിഎഫ് ധാരണയുണ്ടായി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരസ്യമായും രഹസ്യമായും ചില നീക്കങ്ങൾ നടത്തിയാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്. ചെറിയ വോട്ടിനാണ് ആറ് സീറ്റ് എൽഡിഎഫിന് നഷ്ടമായത്. ഇതെല്ലാം ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കും. മധ്യകേരളത്തിന്റെ ചില ഭാഗത്തും മലപ്പുറത്തും നല്ല തിരിച്ചടിയുണ്ടായി. അതെല്ലാം ഗൗരവത്തോടെ പരിശോധിച്ച് തിരുത്തൽ വരുത്തി മുന്നോട്ടു പോകും. ജില്ലാ കമ്മിറ്റികൾ തോൽവി പരിശോധിക്കും. പഞ്ചായത്ത് തല പരിശോധന നടത്തും ശേഷം തിരുത്തൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ശക്തികളായ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉൾപ്പടെയുള്ളവർ കമ്യൂണിസ്റ്റ് വിരുദ്ധ ആശയം രൂപപ്പെടുത്തി. ലീഗിനും കോൺഗ്രസിനും വേണ്ടി അത് ഉപയോഗിച്ചു. ബിജെപി അതിന്റെ സ്വാധീനം വലിയ രീതിയിൽ വ്യാപിപ്പിച്ചിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ വിജയം നോക്കി മാത്രം കേരളത്തിൽ ബിജെപി മുന്നേറ്റം തീർത്തുവെന്ന് പറയാനാകില്ല. പന്തളം, കൊടുങ്ങല്ലൂർ ഉൾപ്പെടയുള്ള ക്ഷേത്ര നഗരങ്ങളിൽ പോലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. തോൽവി തങ്ങൾ അംഗീകരിക്കുകയാണ് എന്നാൽ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളിൽ യുഡിഎഫുമായി സഹകരിച്ചു പോകില്ലെന്ന സൂചനയും എം വി ഗോവിന്ദൻ നൽകി. കോൺഗ്രസുമായി ഒരിടത്തും മുന്നണി ബന്ധം ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഇതിനുള്ള അദ്ദേഹത്തിന്റെ മറുപടി. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, സ്വർണ്ണക്കൊള്ളയിലെ പ്രതിയായ എ പത്മകുമാറിനെതിരെ ഉടൻ പാർട്ടി നടപടിയുണ്ടാകില്ലെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം തിരിച്ചടിയായോ എന്നത് പരിശോധിച്ചാൽ മാത്രമേ പറയാനാകൂ. മാധ്യമങ്ങൾ പറയുന്നത് പോലെ ശബരിമല ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ പിന്തുണയില്ലായിരുന്നുവെങ്കിൽ മലപ്പുറത്ത് എങ്ങനെയാണ് പത്ത് ലക്ഷം വോട്ട് കിട്ടിയതെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ വർഗീയ പരാമർശം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായോ എന്ന ചോദ്യത്തോട് അതെല്ലാം നോക്കാമെന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ഇടത് ഹിന്ദുത്വം എന്നത് കൊണ്ട് തോമസ് ഐസക് ഉദ്ദേശിച്ചത് എന്താണെന്ന് അറിയില്ല. ന്യൂനപക്ഷ താത്പര്യം ഉയർത്തി പിടിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ല. പരിശോധിക്കുമ്പോൾ എല്ലാ ഘടകങ്ങളും പരിശോധിക്കും.
ഭരണ വിരുദ്ധ വികാരം, ശബരിമല, വെള്ളാപ്പള്ളി, ന്യൂനപക്ഷ ഏകീകരണം എന്നിവ തോൽവിക്ക് കാരണമായോയെന്ന് പരിശോധനയിൽ ഉൾപ്പെടുത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.
വി ഡി സതീശൻ പറഞ്ഞ് പറഞ്ഞ് ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വനവാസത്തിന് പോകേണ്ടി വരും. മൂന്നാം എൽഡിഎഫ് സർക്കാർ വന്നില്ലെങ്കിൽ താൻ വനവാസത്തിന് പോകില്ല. ഒരു കമ്യൂണിസ്റ്റിന് പരാജയമെന്നത് അവസാന പരാജയമാണെന്നോ വിജയം എന്നത് അവസാന വിജയമാണെന്നോ ഉള്ള തെറ്റിദ്ധാരണയുണ്ടാകില്ല. വനവാസമെല്ലാം പഴയകാര്യമാണ്. ഭരണത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയ ആളല്ല ഞാൻ. താനേതായാലും വനവാസത്തിന് പോകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം കൊല്ലം കോർപ്പറേഷനിലെ തോൽവി പരിശോധിക്കുമെന്ന് ഗോവിൻ വ്യക്തമാക്കി. കൊല്ലം കോർപ്പറേഷനിൽ തോറ്റു, നല്ലപോലെ തോറ്റു. ആ തോൽവി പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Content Highlights : cpim leader MV Govindan reacts on local body election result