'ചങ്ങരോത്ത് പഞ്ചായത്തില്‍ തളിച്ചത് ചാണകവെളളമല്ല, പച്ചവെളളം': കുട്ടികളുടെ ആഹ്ളാദ പ്രകടനമെന്ന് ലീഗ് വിശദീകരണം

പഞ്ചായത്ത് പ്രസിഡന്റിന് എതിരെയല്ല, ഭരണസമിതിക്ക് എതിരെയാണ് പ്രതിഷേധം നടന്നതെന്ന് ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ മൂസ കോത്തമ്പ്ര പറഞ്ഞു

'ചങ്ങരോത്ത് പഞ്ചായത്തില്‍ തളിച്ചത് ചാണകവെളളമല്ല, പച്ചവെളളം': കുട്ടികളുടെ ആഹ്ളാദ പ്രകടനമെന്ന് ലീഗ് വിശദീകരണം
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ചാണകവെളളം തളിച്ച് ശുദ്ധീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ്. ചാണകവെളളമല്ല, പച്ചവെളളമാണ് തളിച്ചതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയല്ല ചെയ്തതെന്നും പക്വതയില്ലാത്ത കുട്ടികള്‍ ആഹ്‌ളാദ പ്രകടനത്തിന്റെ ഭാഗമായി ചെയ്ത പ്രവൃത്തിയാണെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റിന് എതിരെയല്ല, ഭരണസമിതിക്ക് എതിരെയാണ് പ്രതിഷേധം നടന്നതെന്നും പ്രതിഷേധത്തില്‍ ആര്‍ക്കെങ്കിലും പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ മൂസ കോത്തമ്പ്ര പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്‌ളാദ പ്രകടനത്തിനിടെയായിരുന്നു ഒരുകൂട്ടം ലീഗ് പ്രവർത്തകർ ബക്കറ്റും വെളളവുമായി പഞ്ചായത്തിലെത്തിയത്. വെളളം ഓഫീസിന് മുന്നിൽ തെളിച്ച് ചൂലുകൊണ്ട് അടിച്ചുവാരിയാണ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തിൽ വൻ വിജയമാണ് യുഡിഎഫ് നേടിയത്. 20 വാർഡിൽ 17 ഉം യുഡിഎഫ് നേടിയപ്പോൾ ഒരു സീറ്റിൽ മാത്രമാണ്എൽഡിഎഫ് വിജയിച്ചത്. രണ്ട് സീറ്റിൽ വെൽഫെയർ പാർട്ടിയാണ് വിജയിച്ചത്.

ചങ്ങരോത്തെ ലീഗ് നേതാക്കളാണ് ഇതിനു പിന്നിലെന്നും ഫൈസൽ, സുബൈർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയതെന്നും സിപിഐഎം ആരോപിച്ചിരുന്നു. സിപിഐഎം മുതിർന്ന നേതാവായ ഉണ്ണി വേങ്ങേരിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇദ്ദേഹം പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളായതിനാലാണ് ലീഗ് ഇങ്ങനെ ചെയ്തതെന്നും സിപിഐഎം ആരോപണം ഉന്നയിച്ചിരുന്നു.

Content Highlights: it was water, not cow dung: league explanation in changaroth panchayath incident

dot image
To advertise here,contact us
dot image