'ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്നു, ഭരണവിരുദ്ധ വികാരം ഇല്ല'; സിപിഐഎം സെക്രട്ടറിയേറ്റ്

2010 ല്‍ ഇതിലും വലിയ തിരിച്ചടി നേരിട്ടിട്ടും തിരിച്ചു വന്നെന്നും ഇത്തവണയും അതുണ്ടാകുമെന്നുമാണ് യോഗത്തിലെ വിലയിരുത്തൽ

'ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്നു, ഭരണവിരുദ്ധ വികാരം ഇല്ല'; സിപിഐഎം സെക്രട്ടറിയേറ്റ്
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്ന വിലയിരുത്തലുമായി സിപിഐഎം. രാഷ്ട്രീയ വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചെന്നും തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നടത്തിയ ആദ്യ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തി. ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്ക് ഇടത് അനുകൂലം എന്നും യോഗത്തില്‍ കണ്ടെത്തി.

രാഷ്ടീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താല്‍ 68 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ലീഡുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും യോഗത്തിൽ വിലയിരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ കഴിഞ്ഞു. 2010 ല്‍ ഇതിലും വലിയ തിരിച്ചടി നേരിട്ടിട്ടും തിരിച്ചു വന്നെന്നും ഇത്തവണയും അതുണ്ടാകുമെന്നുമാണ് യോഗത്തില്‍ വിലയിരുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും എല്‍ഡിഎഫ് തിരിച്ചടിയും യുഡിഎഫ് മേല്‍ക്കൈയും നേടിയെന്നും സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ സൂചിപ്പിച്ചിരുന്നു. ജനവിധി അംഗീകരിക്കുന്നു. ഒരു തെരഞ്ഞെടുപ്പുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. കേരളം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ശുഭയാത്ര തുടരുക തന്നെ ചെയ്യുമെന്നും ദേശാഭിമാനി ചൂണ്ടികാട്ടി.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയുഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: Local Body Election 2025 CPIM secretariat evaluate there is no anti government emotion

dot image
To advertise here,contact us
dot image