

കൊല്ലം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ മധ്യവയസ്‌കനെ മര്‍ദിച്ചെന്ന കേസില്‍ പ്രതികള്‍ പിടിയില്‍. കായംകുളം ചേരാവള്ളി എ എസ് മന്‍സില്‍ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളില്‍ ആദില്‍ (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
ഡിസംബര്‍ നാലിന് പുലര്‍ച്ചെ 2.45 ന് പറയകടവിന് സമീപമാണ് സംഭവം. പറയക്കടവ് സ്വദേശിയായ സുഭാഷ് ജോലിക്ക് പോകാനായി വരവെ പ്രതികള്‍ തീപ്പെട്ടി ചോദിക്കുകയും അത് കൊടുക്കാത്തതിന്റെ വിരോധത്തില്‍ മാരകായുധം വെച്ച് തലയ്ക്ക് അടിച്ചുവെന്നാണ് പരാതി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ ഒളിവിലായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Two arrested in case of beating up man for not giving a matchbox at kollam