

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ കൗമാരതാരം വെഭവ് സൂര്യവംശി കാഴ്ചവെച്ചത്. ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈഭവ് 171 റൺസെടുത്താണ് പുറത്തായത്. 56 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി തികച്ചത്. 14 സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
ഇപ്പോഴിതാ മത്സരത്തിനിടെ വൈഭവ് സ്ലെഡ്ജിങ്ങിന് ഇരയായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിനിടെ യുഎഇ താരങ്ങൾ താരത്തെ ചൊറിയാൻ വന്നെങ്കിലും അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് വൈഭവ് നൽകിയത്. വൈഭവ് 90 റൺസ് പിന്നിട്ടപ്പോഴായിരുന്നു സംഭവം.
32-ാം ഓവറിൽ യുഎഇ സ്പിന്നർ ഉദ്ദിഷ് സൂരി പന്തെറിയുന്നതിനിടെ വിക്കറ്റ് കീപ്പർ സലെ അമിനായിരുന്നു വൈഭവിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. 'കമോൺ ബോയ്സ്, ഇവൻ 90 കളിലെ ശാപമാണ്’ എന്നായിരുന്നു യുഎഇ വിക്കറ്റ് കീപ്പർ വൈഭവിനോട് പറഞ്ഞത്. ഇതുകേട്ടതും വൈഭവ് താരത്തിന്റെ വായടപ്പിക്കുന്ന മറുപടിയും ഉടൻ നൽകി. ‘നിന്റെ കൂടെ ഒരു സെൽഫിയെടുത്തോട്ടെ?’ എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ മറുപടി. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങൾ ഇപ്പോൾ വൈറലാണ്.
പിന്നാലെ സെഞ്ച്വറി നേടിയ വൈഭവ് 171 റൺസെടുത്ത് പുറത്തായിരുന്നു. വൈഭവിന്റെ സെഞ്ച്വറിക്കരുത്തിൽ യുഎഇക്കെതിരെ ഇന്ത്യ 434 റൺസെന്ന ഹിമാലയൻ വിജയലക്ഷ്യം പടുത്തുയർത്തുയർത്തുകയും ചെയ്തു. വൈഭവിന്‍റെ സെഞ്ച്വറിക്ക് പുറമെ മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.
എന്നാൽ വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്സിന് മുന്നിൽ യുഎഇക്ക് മറുപടി ഉണ്ടായിരുന്നില്ല. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയർത്തിയ 433 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യു എ ഇ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് നേടിയത്. 234 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.
Content Highlights: Under-19 Asia Cup 2025: Vaibhav Suryavanshi's Reply Shuts Down UAE Star's Sledging