

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തിൽ കോൺഗ്രസുകാരെ ആക്രമിച്ച സിപിഐഎം പ്രവർത്തകരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷീനയെയും പോളിങ് ഏജന്റായ നരേന്ദ്രബാബുവിനെയും പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ ചിലർ ആക്രമിച്ചിരുന്നു. ഇത് സിപിഐഎം പ്രവർത്തകരാണെന്നും സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. വോട്ടെടുപ്പ് ദിനത്തിൽ സാദിഖ് എന്ന പ്രവർത്തകനു നേരെയും ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നിലും സിപിഐഎം ആണെന്നാണ് ആരോപണം.
പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും നാട്ടിൽ കോൺഗ്രസുകാർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടിവരുമെന്ന് വി ഡി സതീശൻ പറഞ്ഞു. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച് സിപിഐഎം കേരളത്തിന്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്. സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവുമെന്നും വി ഡി സതീശൻ ചോദിച്ചു.
അതേസമയം തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണമാണ് സിപിഐഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അക്രമണം നടക്കുമ്പോൾ പൊലീസ് വെറും കാഴ്ചക്കാർ മാത്രമാവുകയാണ്. കള്ളവോട്ടും അക്രമവും നടത്തി ജനാധിപത്യത്തെ കൊള്ളയടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. ഇതിന് പൊലീസ് സൗകര്യം ഒരുക്കുകയാണ്. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കള്ളവോട്ട് രേഖപ്പെടുത്താനുള്ള സിപിഐഎം നീക്കം യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചോദ്യം ചെയ്തതിന്റെ പകയാണ് ആക്രമണത്തിന്റെ മറ്റൊരു കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Content Highlights: V D Satheesan and sunny joseph against CPIM