'രാഹുലും പ്രിയങ്കയും ആപ്പിളും ഓറഞ്ചും പോലെ, താരതമ്യം ചെയ്യരുത്'; രേണുക ചൗധരി

പ്രിയങ്കയുടെയും രാഹുലിന്റെയും പ്രസംഗ ശൈലിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രേണുകയുടെ പ്രതികരണം

'രാഹുലും പ്രിയങ്കയും ആപ്പിളും ഓറഞ്ചും പോലെ, താരതമ്യം ചെയ്യരുത്'; രേണുക ചൗധരി
dot image

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും വ്യത്യസ്തരായ രണ്ട് പേരാണെന്നും അവരുടെ പ്രസംഗത്തിന്റെ ശൈലിയും വ്യത്യസ്തമാണെന്നും രേണുക ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രിയങ്കയുടെയും രാഹുലിന്റെയും പ്രസംഗ ശൈലിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രേണുകയുടെ പ്രതികരണം.

'ഇരുവരും ആപ്പിളും ഓറഞ്ചും പോലെയാണ്. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യരുത്. ഇരുവരും വ്യത്യസ്ത വിഷയങ്ങളിലാണ് സംസാരിച്ചത്. പ്രിയങ്ക അവര്‍ പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. രാഹുലിന്റെ സംസാരശൈലി മറ്റൊന്നാണ്. ഇരുവരും അവരുടെ നിലപാടില്‍ ഉറച്ച് നിന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചെന്നാണ് ഞാന്‍ കരുതുന്നത്', രേണുക ചൗധരി പറഞ്ഞു.

രാഹുലിന്റെ അത്ര രാഷ്ട്രീയ പരിചയമില്ലാത്ത പ്രിയങ്ക രാഹുലിനേക്കാള്‍ നന്നായി ലോക്‌സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്ന തരത്തിലുള്ള താരതമ്യം ഉയര്‍ന്നുവന്നിരുന്നു. തിങ്കളാഴ്ച വന്ദേമാതരം വിഷയത്തില്‍ പ്രിയങ്ക ലോക്‌സഭയില്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ പ്രശംസ നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് ഓരോന്നിനും പ്രിയങ്ക മറുപടി നല്‍കിയിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ തുടര്‍ച്ചയായ ബിജെപി വിമര്‍ശനത്തിനും പ്രിയങ്ക മറുപടി നല്‍കിയിരുന്നു.

Content Highlights: Rahul Gandhi and Priyanka Gandhi are like Orange and Apple says congress leader

dot image
To advertise here,contact us
dot image