'ഗില്ലിനെ വിമര്‍ശിക്കുന്നവര്‍ക്കാണ് പ്രശ്‌നം, രണ്ട് മാച്ചുകള്‍ കണ്ട് വിലയിരുത്തരുത്'; പിന്തുണച്ച് ആശിഷ് നെഹ്‌റ

'താരങ്ങളെ ഇങ്ങനെ നിരന്തരമായി മാറ്റികൊണ്ടിരിക്കുന്നത് നല്ല കാര്യമല്ല. അത് ടീമിന് ബുദ്ധിമുട്ടുണ്ടാക്കും'

'ഗില്ലിനെ വിമര്‍ശിക്കുന്നവര്‍ക്കാണ് പ്രശ്‌നം, രണ്ട് മാച്ചുകള്‍ കണ്ട് വിലയിരുത്തരുത്'; പിന്തുണച്ച് ആശിഷ് നെഹ്‌റ
dot image

ടി20 ക്രിക്കറ്റില്‍ മോശം ഫോമില്‍ ബാറ്റുവീശുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്റ. ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ഗില്ലിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നെഹ്റയുടെ പ്രതികരണം. രണ്ടോ മൂന്നോ മത്സരങ്ങൾ കൊണ്ട് ​താരങ്ങളെ വിലയിരുത്തരുതെന്നും ​ഗില്ലിനെപോലൊരു ക്ലാസ് പ്ലേയറെ വിമർ‌ശിക്കുന്നവർക്കാണ് പ്രശ്നമെന്നും നെഹ്റ പറഞ്ഞു.

‘നിങ്ങൾ വിമർശിച്ചുകൊണ്ടിരിക്കുന്ന താരത്തെ നോക്കൂ, ഇത് ടി20 ഫോര്‍മാറ്റാണ്. വേഗതയേറിയ ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര മത്സരമായാലും ഐപിഎല്‍ ആയാലും രണ്ടോ മൂന്നോ മത്സരങ്ങൾക്ക് ശേഷം ഗില്ലിനെ പോലൊരു താരത്തെ വിമര്‍ശിക്കാന്‍ കഴിയില്ല. ഗില്ലിന്റെ ക്ലാസ് എന്താണെന്ന് നമുക്കറിയാം. ഗില്ലിനെ വിമര്‍ശിക്കുന്നവര്‍ക്കാണ് പ്രശ്‌നം‘, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവേ നെഹ്റ പറഞ്ഞു.

‘നിങ്ങള്‍ക്ക് വേണമെങ്കില്‍ അഭിഷേക് ശര്‍മയെയും ശുഭ്മന്‍ ഗില്ലിനെയും മാറ്റാം. റുതുരാജിനെയും സായ് സുദര്‍ശനെയും കൊണ്ടുവരാം. വേണമെങ്കില്‍ സുന്ദറിനെയും കിഷനെയും ബാറ്റിങ്ങിനിറക്കാം. ഒരുപാട് ഓപ്ഷനുകള്‍ അവിടെയുണ്ട്. എന്നാല്‍ താരങ്ങളെ ഇങ്ങനെ നിരന്തരമായി മാറ്റികൊണ്ടിരിക്കുന്നത് നല്ല കാര്യമല്ല. അത് ടീമിന് ബുദ്ധിമുട്ടുണ്ടാക്കും‘, നെഹ്‌റ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജുവിന് പകരം ഓപ്പണിങ്ങിൽ എത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സും രണ്ടാം മത്സരത്തില്‍ റണ്ണൊന്നും നേടാതെയുമാണ് ഗില്‍ മടങ്ങിയത്. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിലാണ് ഗിൽ കളിക്കുന്നത്. ഏഷ്യ കപ്പ് മുതൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്കും ഒടുവിൽ ടീമിന് പുറത്തേക്കും വലിച്ചിട്ടു. ആരാധകരും മുൻ താരങ്ങളും വിമർശനവുമായി എത്തിയിട്ടും തീരുമാനം തിരുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

Content Highlights: If we start judging Shubman Gill after two T20 games, then we have a problem says Ashish Nehra

dot image
To advertise here,contact us
dot image