

ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ ഒരുമിച്ച് അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. കോളുകള്‍, ചാറ്റുകള്‍, സ്റ്റാറ്റസ് എന്നിവയിലടക്കമാണ് പുതിയ മാറ്റങ്ങള്‍ വരുന്നത്. മിസ്ഡ് കോള്‍ സന്ദേശങ്ങള്‍, പുതിയ ഇന്ററാക്ടീവ് സ്റ്റാറ്റസ് സ്റ്റിക്കറുകള്‍, മെറ്റാ എഐ ഇമേജ് ജനറേഷന്‍ ടൂളിലേക്കുള്ള അപ്ഗ്രേഡുകള്‍, ഡെസ്‌ക്ടോപ്പില്‍ പുത്തന്‍ മീഡിയ ടാബ് എന്നിവ അപ്ഡേറ്റില്‍ ഉള്‍പ്പെടുന്നു. ഏത് ചിത്രവും ഒരു ചെറിയ വീഡിയോയിലേക്ക് ആനിമേറ്റ് ചെയ്യാനും മെറ്റാ എഐക്ക് ഇപ്പോള്‍ കഴിയും.

മിസ്ഡ് കോള്‍ സന്ദേശങ്ങള്‍
നിങ്ങള്‍ വിളിച്ചിട്ട് ആരെങ്കിലും ഫോണ്‍ എടുത്തില്ലെങ്കില്‍ ഒറ്റ ടാപ്പ് കൊണ്ട് അവര്‍ക്ക് ഒരു വോയ്‌സ്‌നോട്ടോ വീഡിയോ സന്ദേശങ്ങളോ അയക്കാന്‍ സാധിക്കും. ഇത് കോളിംഗ് ഫീച്ചറിനൊപ്പം ലഭിക്കുന്ന പുതിയ വോയ്‌സ് മെയില്‍ സംവിധാനമാണ്.
വോയ്‌സ് ചാറ്റുകള്‍
വോയ്‌സ് ചാറ്റ് നടത്തുമ്പോള്‍ സംഭാഷണം നിര്‍ത്താതെതന്നെ വളരെ പെട്ടെന്ന് ഇമോജികള്‍ അയക്കാന്‍ കഴിയും.

ഗ്രൂപ്പ് വീഡിയോ കോളുകള്‍
ഗ്രൂപ്പ് വീഡിയോ കോളുകളില്‍ സംസാരിക്കുന്ന ആളുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അവരെ സ്‌ക്രീനില്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്ന പുതിയ ഫീച്ചറാണ് മറ്റൊന്ന്. ആ മാറ്റങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകും.
വാട്‌സ്ആപ്പ് മെറ്റാ എഐ
വാട്‌സ്ആപ്പിലെ മെറ്റാ എഐയില്‍ മിഡ്‌ജേര്‍ണി, ഫ്‌ളക്‌സ് എന്നിവയില്‍ നിന്നുള്ള പുതിയ മോഡലിനൊപ്പം ഒരു പുതിയ അപ്‌ഗ്രേഡ് കൂടി ലഭിക്കും. ഇത് AI ജനറേറ്റഡ് വിഷ്വലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഏത് ഫേട്ടോയും ഒരു ചെറിയ വീഡിയോയിലേക്ക് ഇപ്പോള്‍ AI ക്ക് ആനിമേറ്റ് ചെയ്യാനും കഴിയും.

ഡെസ്‌ക് ടോപ്പിലെ പുതിയ മീഡിയ ടാബ്
ഡോക്യുമെന്റുകള്‍, ലിങ്കുകള്‍, മീഡിയ എന്നിവ ഒരു സ്ഥലത്തേക്ക് കൊണ്ടുവരുന്നതിനായി ഡെസ്‌ക് ടോപ്പിലോ വെബ് മോഡിലോ പുതിയ മീഡിയ ടാബും എത്തുന്നുണ്ട്. ഇതുവഴി ഡോക്യുമെന്റുകള്‍, ലിങ്കുകള്‍, മറ്റ് മീഡിയാഫയലുകള്‍ എന്നിവ ചാറ്റുകള്‍ക്കിടയില്‍ എളുപ്പത്തില്‍ തിരയാന്‍ സാധിക്കും. ഇതോടൊപ്പം പ്രിവ്യു ലിങ്കുകള്‍, സ്റ്റിക്കര്‍ പായ്ക്കുകള്‍ എന്നിവയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ ഫീച്ചറുകള്‍ ആളുകള്‍ക്ക് ലഭിക്കും.
Content Highlights : Whatsapp with new changes, compelete details new features in whatsapp