

പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് തോറ്റു. എന്നാൽ സ്വന്തം പാർട്ടിയുടെ തോൽവിക്ക് പിന്നാലെ തന്റെ മീശ കൂടി പോയിരിക്കയാണ് സിപിഐഎം പ്രവർത്തകനായ ബാബു വർഗീസിന്. പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് വിജയിക്കുമെന്നും തോറ്റാൽ മീശ വടിക്കുമെന്നും ബാബു വർഗീസ് പന്തയം വെച്ചിരുന്നു. യുഡിഎഫ് പ്രവർത്തകനായ ഉണ്ണി മാലയത്തിനോടായിരുന്നു പന്തയം. ഇന്നേവരെ മീശ വടിച്ചിട്ടില്ലെന്നും പാർട്ടി തോറ്റുവെന്ന് അറിഞ്ഞ ഉടനെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എത്തി മീശ വടിക്കുകയായിരുന്നു എന്നും ബാബു വർഗീസ് പറഞ്ഞു.
മീശയെ അത്രയേറെ സ്‌നേഹിച്ചയാളാണ് താൻ. അത് വടിക്കേണ്ടിവന്നതിൽ വിഷമം തോന്നിയിരുന്നു. എന്നാൽ ഇതെല്ലാം പാർട്ടിക്ക് വേണ്ടിയാണ്. പറഞ്ഞ വാക്കിൽനിന്ന് മാറില്ല. എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിച്ചത്. തോൽവിയിൽ വിഷമമുണ്ടെന്നും ബാബു വർഗീസ് പറയുന്നു.
പത്തനംതിട്ട നഗരസഭയിൽ 17 സീറ്റാണ് യുഡിഎഫ് നേടിയത്. 12 സീറ്റ് എൽഡിഎഫും നേടി. ഒരു സീറ്റ് എൻഡിഎ നേടിയപ്പോൾ മൂന്ന് സീറ്റ് മറ്റുള്ളവരും നേടി.
Content Highlights: cpim worker publicly shaved his beard after losing ldf at pathanamthitta municipality