

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ സംശയമുണ്ടെന്ന് കോടതി. കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി.
സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നും കോടതി വിലയിരുത്തി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. പരാതി നല്‍കാന്‍ വൈകിയതിന് പല ഭാഷ്യങ്ങളും വന്നു. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു.
ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം. തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് തടയണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ആദ്യ പീഡനക്കേസില്‍ ജില്ലാക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരുന്നു.
ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച രാഹുല്‍ അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുല്‍ നടത്തിയതെന്നും മൊഴിയിലുണ്ടായിരുന്നു.
Content Highlights: Court finds doubt in second complaint against Rahul Mamkootatil