തലയിൽ ഒന്നിൽ കൂടുതൽ അടിയേറ്റ മുറിവുകൾ; ചിത്രപ്രിയയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്

തലയിൽ ഒന്നിൽ കൂടുതൽ അടിയേറ്റ മുറിവുകൾ; ചിത്രപ്രിയയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്
dot image

കൊച്ചി: മലയാറ്റൂരില്‍ 19കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചിത്രപ്രിയയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയില്‍ ഒന്നില്‍ കൂടുതല്‍ അടിയേറ്റതിന്റെ മുറിവുകളുണ്ട്. പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

ചിത്രപ്രിയ ആണ്‍സുഹൃത്തായ അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഞായറാഴ്ച്ച പുലര്‍ച്ചെ 1.53 നുളള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചിത്രപ്രിയയ്ക്കൊപ്പമുണ്ടായിരുന്നത് അലനാണ് എന്ന് കണ്ടെത്തി പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടു എന്നാണ് തുടക്കത്തില്‍ അലന്‍ പറഞ്ഞത്. ഇതോടെ ഇയാളെ വിട്ടയച്ചു. മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുളള ചോദ്യംചെയ്യലില്‍ അലന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അലനല്ലാതെ കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന് അലന്‍ നല്‍കിയ മൊഴി. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

Content Highlights: Postmortem report reveals that death of chithrapriya in Malayattoor was extremely brutal

dot image
To advertise here,contact us
dot image