

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ കഴിവുകേടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജാമ്യം കിട്ടിയോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ട ആവശ്യം കോൺഗ്രസ് പാർട്ടിക്ക് ഇല്ല. ജാമ്യം കിട്ടുന്നതിനനുസരിച്ച് നിലപാട് മാറ്റുന്ന പാർട്ടി അല്ല കോൺഗ്രസ്. പുകഞ്ഞ കൊള്ളി പുറത്താണെന്നും കെ മുരളീധരൻ പറഞ്ഞു.
രാഹുൽ നിലപാട് മാറ്റിയാൽ മാർക്‌സിസ്റ്റ് പാർട്ടി രാഹുലിനെ സ്വീകരിച്ചേക്കാം. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും രാഹുലിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ. രണ്ടാമത്തെ പരാതി വാസ്തവം ആണെങ്കിലും ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടി ഒരു തീരുമാനം എടുത്തു. അതാണ് പാർട്ടിയുടെ നയമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
തദ്ദേശതെരഞ്ഞെടുപ്പിൽ പാലക്കാട് അടക്കം വലിയ വിജയം ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുൽ വിഷയം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മര്യാദയ്ക്ക് ലൈറ്റ് കത്തും. യുഡിഎഫ് ജയിക്കും. യുഡിഎഫിന് രണ്ടാം ഘട്ടത്തിലും വിജയ സാധ്യത ഉണ്ട്. തിരുവനന്തപുരത്തും നല്ല വിജയം ഉണ്ടാകും. പോളിംഗ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല. വോട്ടർ പട്ടികയിൽ തകരാർ ഉണ്ടായി. പലർക്കും വോട്ട് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശത്തിൽ വീഴ്ചയുണ്ടായെന്നും വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Content Highlights: K Muraleedharan says Rahul Mamkootathil was granted bail due to the incompetence of the prosecution