

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യയുടെ വിജയശിൽപ്പിയായി മാറിയിരിക്കുകയാണ് സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരിക്കുമൂലം രണ്ടരമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ അർധ സെഞ്ച്വറി നേടിയാണ് ഹാർദിക് ആഘോഷമാക്കിയത്. 28 പന്തിൽ പുറത്താകാതെ 59 റൺസും ഒരു വിക്കറ്റും നേടിയ ഹാർദിക്കിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.
ഇപ്പോഴിതാ തിരിച്ചുവരവിന്റെയും മികച്ച പ്രകടനത്തിന്റെയും ക്രെഡിറ്റ് പുതിയ കാമുകിയായ മഹിക ശർമയ്ക്ക് നൽകിയിരിക്കുകയാണ് ഹാർദിക്. പരിക്കേറ്റ് കളിക്കളത്തിന് പുറത്തിരുന്ന ദിവസങ്ങളെ കുറിച്ചും ആ സമയത്ത് തന്നോട് അടുപ്പമുള്ള ആളുകളെക്കുറിച്ചും സംസാരിക്കവേയാണ് ഹാർദിക് മഹിക ശർമയെ കുറിച്ചും വാചാലനായത്. ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ സംസാരിക്കവേ മഹിക തന്റെ പങ്കാളിയാണെന്ന് പേരെടുത്ത് പറയാതെ ഹാർദിക് സ്ഥിരീകരിക്കുകയും ചെയ്തു.
'പരിക്കുകൾ നിങ്ങളെ ശാരീരികമായും മാനസികമായും പരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരുപാട് സംശയങ്ങൾ ഉയർത്തുകയും ചെയ്യും. അപ്പോഴെല്ലാം കൂടെനിന്ന എന്റെ പ്രിയപ്പെട്ടവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് എന്റെ പങ്കാളി. അവൾ വളരെ നല്ലവളാണ്. അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിൽ പിന്നെ നല്ലതുമാത്രമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്', ഹാർദിക് പറഞ്ഞു.

ഹാർദിക് പാണ്ഡ്യയുടെ പങ്കാളിയും കാമുകിയുമായ മഹിക ശർമയും ബിസിസിഐയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഈ വീഡിയോ 'മൈ ഹീറോ' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സെര്‍ബിയന്‍ മോഡലും നടിയുമായ നടാഷാ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം അടുത്തയിടെയാണ് യോഗ ട്രെയിനറും മോഡലുമായ മഹികയുമായി ഹാര്‍ദിക് പ്രണയത്തിലാവുന്നത്. കഴിഞ്ഞവർഷം നടാഷയുമായി പിരിഞ്ഞതിനുശേഷം ഹാര്‍ദികിന്റെ പ്രണയത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒക്ടോബറിലാണ് മഹികയുമായുള്ള പ്രണയബന്ധം ഹാര്‍ദിക് തന്നെ പരസ്യപ്പെടുത്തുകയായിരുന്നു. 32–ാം ജന്മദിനത്തോടനുബന്ധിച്ച് മഹികയ്ക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഹാർദിക് പങ്കിട്ടത്.
Content Highlights: Hardik Pandya dedicates T20 win to girlfriend Mahieka Sharma; ‘She’s been nothing but the best’