

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണ് തോന്നാന്‍ മാത്രം തനിക്ക് ഒന്നും തോന്നിയിട്ടില്ലെന്ന് നടന്‍ രമേഷ് പിഷാരടി. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തെ വേട്ടയാടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേഷ് പിഷാരടി. ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട വിഷയത്തില്‍ എന്‍റെ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായത്തിന് ഇവിടെ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. എട്ട് വർഷത്തോളം നീണ്ട വിചാരണയായിരുന്നു. അതിനുശേഷമാണ് ഇന്നലെ വിധി വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നീതിയുമായി ബന്ധപ്പെട്ട് എനിക്ക് തോന്നുന്ന ഒരു കാര്യമുണ്ട്. ഒരു വിഭാഗം ആളുകളോ ഞാനോ നിങ്ങളോ മാധ്യമങ്ങളോ ഒക്കെ തീരുമാനിക്കുന്ന ഒരു നീതിയുണ്ട്. മറുപക്ഷത്ത് കോടതി അവിടെ വരുന്ന കാര്യങ്ങള്‍ കൂട്ടിക്കിഴിച്ച് പറയുന്ന ഒരു നീതിയുണ്ട്. അത് നമ്മുടെ ഊഹാപോഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരിക്കും. ഈ രണ്ട് നീതികളും തമ്മിൽ എപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം, എല്ലാവർക്കും സ്വാഗതമായ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന വിധികൾ ചിലപ്പോഴൊക്കെ ഉണ്ടാകാറില്ല. ചിലപ്പോൾ അത് ഉണ്ടാകാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം കോടതി പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യത്തിൽ വിശ്വസിക്കുക എന്നുള്ളതാണ് എനിക്ക് പറ്റുന്ന കാര്യം എന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടുവെന്ന് ചിന്തിക്കാനല്ലെ നമുക്ക് കഴിയൂ. ഞാൻ ഈ വിഷയം അന്വേഷിച്ച വ്യക്തിയല്ല. മാധ്യമങ്ങളിലൂടെ അറിയുന്നതിനപ്പുറം ഇതിനു പുറകെ പോയിട്ടുള്ള ഒരാള്‍ അല്ലാത്തതിനാല്‍ കോടതി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനെ കഴിയൂ. ഇത്ര ആളുകളാണ് ഇത് ചെയ്തിട്ടുള്ളത്, ഇന്നയാളുകള്‍ ഇതിന് അകത്ത് ഇല്ല എന്ന് കോടതി പറയുമ്പോള്‍, എനിക്ക് അതിനപ്പുറത്തേക്ക് ഒരു കാര്യം സ്റ്റേറ്റ്മെന്റ് ആയി വെക്കാനുള്ള വിവരം ഇല്ലെന്നും താരം പറയുന്നു.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തെ വേട്ടയാടുകയാണ് ചെയ്തത്. പക്ഷെ നമുക്ക് അറിയില്ലാലോ. തന്നെ വേട്ടയാടുകയായിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. വേട്ടയാടപ്പെട്ടുവെങ്കില്‍ ദിലീപ് കോടതിയില്‍ അത് തെളിയിക്കണം. എനിക്ക് ഇവർ എല്ലാവരുമായി വ്യക്തിപരമായ അടുപ്പമുണ്ട്. ദിലീപ് കുറ്റക്കാരനാണെന്ന് ഏതെങ്കിലും ഒരു ഘട്ടത്തില്‍ എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ തോന്നാനുള്ള യാതൊരു വിവരവും എന്‍റെ കൈയ്യില്‍ ഇല്ലായിരുന്നുവെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് നടത്തിയ ദിലീപ് അനൂകൂല പരാമർശത്തിലും രമേഷ് പിഷാരടി പ്രതികരിച്ചു. എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായമുണ്ട്. പക്ഷെ ആ അഭിപ്രായങ്ങള്‍ക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ല. കോടതിയില്‍ തെളിവുകളും വാദപ്രതിവാദങ്ങളുമൊക്കെ അനുസരിച്ചാണ് വിധി പറയുന്നതെന്നും താരം വ്യക്തമാക്കി.
Content Highlights: Ramesh Pisharody States That Allegations of Dileep Being Hunted Should Be Legally Established