ശബരിമലയെ കണ്ടല്ല ഈ രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത്, ആലപ്പുഴയിൽ പോളിങ് ഉയരുന്നത് നല്ല ലക്ഷണം: വെള്ളാപ്പള്ളി

പോളിങ് ദിനത്തിൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാന സർക്കാരിനെ വാനോളം പുകഴ്ത്തി

ശബരിമലയെ കണ്ടല്ല ഈ രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത്, ആലപ്പുഴയിൽ പോളിങ് ഉയരുന്നത് നല്ല ലക്ഷണം: വെള്ളാപ്പള്ളി
dot image

ആലപ്പുഴ: ആലപ്പുഴയിൽ പോളിങ്ഉയരുന്നത് നല്ല ലക്ഷണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ വാശിയോടെ വരുന്നു എന്നത് നല്ല കാര്യമാണ് എന്നും മത്സരബുദ്ധിയോടെയാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ത്രിതല പഞ്ചായത്ത് പ്രവർത്തനത്തിന്റെ ഒരു മാർഗരേഖ കണക്കാക്കികൊണ്ട് നമ്മൾ എല്ലാം കണക്കുകൂട്ടരുത്. രാഷ്ട്രീയത്തിനുപരിയായ തീരുമാനമായിരിക്കും ഇവിടങ്ങളിലെ വോട്ട്. പാർലമെൻ്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ മൂന്ന് തരത്തിലാണ് നമ്മുടെ വോട്ടിങ് രീതി. ആലപ്പുഴയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും മൂന്ന് രാഷ്ട്രീയപാർട്ടികളും പുറകോട്ട് പോയിട്ടില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

പോളിങ് ദിനത്തിൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാന സർക്കാരിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. ശബരിമല വിവാദം ഒരു കാരണവശാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ താഴെത്തട്ടിൽ വേണ്ട വിധം എത്തിയിട്ടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. കടമെടുത്തിട്ടാണെങ്കിലും പാവങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാരിന് സാധിച്ചു എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി. ശബരിമല സ്വർണപ്പാളി വിവാദം ഒരു കാരണവശാലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല എന്നും സ്ത്രീപ്രവേശന വിവാദത്തിന് ശേഷം ഉണ്ടായ തെരഞ്ഞെടുപ്പ് ഇടതുപക്ഷം തൂത്തുവാരിയില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ശബരിമലയെ കണ്ടുകൊണ്ടല്ല ഈ രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ശബരിമലയിൽ വിവാദം ഉണ്ടായി എന്നതും നടക്കാൻ പാടില്ലാത്തത് നടന്നു എന്നതും യാഥാർഥ്യമാണ്. എന്നാൽ വിഷയത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

സർക്കാർ ഒരുപാട് വികസനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ആ നന്മകളും മേന്മകളും താഴെത്തട്ടിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. അവസാനമുഹൂർത്തത്തിലാണെങ്കിലും പാവങ്ങൾക്ക് ആരും ചെയ്യാത്ത ഒരു മഹാകാര്യം ചെയ്തു. പെൻഷൻ ചെറിയ കാര്യമല്ല. കടമെടുത്തിട്ടാണെങ്കിലും പാവങ്ങളുടെ കണ്ണീരൊപ്പാനായി പെൻഷൻ കൊടുക്കാനുള്ള സന്മനസ്സ് ഈ സർക്കാർ കാണിച്ചു എന്നത് ചെറുതായി കാണാനാകില്ല. ഖജനാവിൽ പണമില്ലാതിരുന്നിട്ട് പോലും പുറത്തുനിന്ന് പണം സമാഹരിച്ചു. ആ ഇച്ഛാശക്തി അഭിനന്ദനാർഹമായ ഒരു കാര്യമാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട സംഭവത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. ദിലീപ് നല്ല സ്വഭാവ നടനാണെന്നും എന്നാൽ തനിക്ക് ദിലീപിന്റെയോ നടിയുടെയോ വ്യക്തിജീവിതത്തെപ്പറ്റിയും കേസിനെപ്പറ്റിയും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചാൽ നല്ല ചിത്രം ലഭിക്കില്ല എന്നും വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: Vellappally hails voting percentage, hails state government

dot image
To advertise here,contact us
dot image