

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ അനുകൂലിച്ച് സംസാരിച്ച യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ തള്ളി ടി സിദ്ദിഖ് എംഎല്‍എ. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ടി സിദ്ദിഖിന്‍റെ പ്രതികരണം. നീതിക്കൊപ്പം മാത്രം നിന്ന പി ടിയാണ് ഞങ്ങൾ കോൺഗ്രസുകാരുടെ വഴികാട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു കല്‍പ്പറ്റ എംഎല്‍എയുടെ പ്രതികരണം.
'നീതിക്കൊപ്പം മാത്രം നിന്ന പി ടിയാണ് ഞങ്ങൾ കോൺഗ്രസുകാരുടെ വഴികാട്ടി. അസുഖബാധിതനായിരിക്കെ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് അതിജീവിതയ്ക്കൊപ്പം നിന്ന ഞങ്ങളുടെ പിടിയാണ് ഞങ്ങളുടെ ഹീറോ.. വ്യക്തിപരമായ അഭിപ്രായങ്ങൾ കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല' ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നുവായിരുന്നു രാവിലെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടത്. 'നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അടൂര്‍ പ്രകാശ് പരിഹസിച്ചു. സര്‍ക്കാരിന് വേറെ ജോലിയില്ലല്ലോയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അടൂർ പ്രകാശിന്‍റെ പ്രസ്താവന തിരഞ്ഞെടുപ്പ് ദിനത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി ഉള്‍പ്പെടെ വിഷയം ആയുധമാക്കിയതോടെ നിരവധി പ്രമുഖ യുഡിഎഫ് നേതാക്കളും അടൂർ പ്രകാശിനെ തള്ളി മുന്നോട് വന്നു. അടൂര്‍ പ്രകാശിനെ തിരുത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പറഞ്ഞു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പ്രതികരിച്ചു.
വിമർശനം കനത്തതോടെ നിലപാടില്‍ മലക്കം മറിയുന്ന അടൂർ പ്രകാശിനെയാണ് പിന്നീട് കണ്ടത്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിശദീകരണം. പറഞ്ഞതില്‍ ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞത്. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകുന്നതിന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Dileep Actress Case Issue: T Siddique Dismisses UDF Convener Adoor Prakash’s Pro-Dileep Statements