സഞ്ജു OUT, ജിതേഷ് IN; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് ഇർഫാൻ പത്താൻ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ താരം ഇർഫാൻ പത്താൻ

സഞ്ജു OUT, ജിതേഷ് IN; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് ഇർഫാൻ പത്താൻ
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ അരങ്ങേറും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെയാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ഇന്ത്യ ടി20 പരമ്പരയ്ക്ക് വേണ്ടി ഇറങ്ങുന്നത്.

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ താരം ഇർഫാൻ പത്താൻ. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ‌ ഉള്‍പ്പെടെ രണ്ടു മികച്ച താരങ്ങൾക്ക് ഇർഫാൻ പത്താൻ തിരഞ്ഞെടുത്ത പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണ് പകരം ജിതേഷ് ശർമയെയാണ് ഇർഫാൻ പത്താൻ തിരഞ്ഞെടുത്തത്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ഓപ്പണിംഗ് ജോഡികളായി എത്തും. ഈ പരമ്പരയിലൂടെ ടി20 ടീമിൽ സ്ഥാനമുറപ്പിക്കാൻ ​ഗില്ലിന് സാധിക്കുമെന്നും ഇർഫാൻ പത്താൻ ചൂണ്ടിക്കാട്ടി. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയു നാലാമനായി തിലക് വര്‍മയെയുമാണ് ഇന്ത്യന്‍ ഇലവനില്‍ ഇര്‍ഫാന്‍ ഉള്‍പ്പെടുത്തിയത്.

അഞ്ചും ആറും സ്ഥാനക്കാരായി ഓള്‍റൗണ്ടര്‍മാരായ അക്സര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയുമാണ് പത്താന്റെ ഇലവനിൽ ഇടംപിടിച്ചത്. ലോവർ ഓർഡർ ഫിനിഷറായി സഞ്ജുവിനെ ഒഴിവാക്കിയ പത്താൻ, പകരം ‌ജിതേഷ് ശർമ്മയെ തിരഞ്ഞെടുത്തു. ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരു താരം വെടിക്കെട്ട് ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെയുമാണ്. സ്പിന്നർമാരായി കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഇലവനില്‍ ഇര്‍ഫാന്‍ ഉള്‍പ്പെടുത്തിയപ്പോൾ പേസർമാരായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ഇലവനില്‍ ഇടം ലഭിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20ക്കുള്ള ഇർഫാൻ പത്താന്റെ ഇന്ത്യൻ ഇലവൻ:
അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

Content Highlights: IND vs SA: Irfan Pathan names his India Playing XI for first T20, skips Sanju Samson

dot image
To advertise here,contact us
dot image