വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണവുമായി BJP; റീപോളിംഗ് വേണമെന്ന് ആവശ്യം

ബൂത്തിലെത്തിയ ട്രാൻസ്‌ജെന്റേഴ്‌സ് കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം

വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണവുമായി BJP; റീപോളിംഗ് വേണമെന്ന് ആവശ്യം
dot image

തിരുവനന്തപുരം: വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണവുമായി ബിജെപി. വഞ്ചിയൂർ വാർഡ് രണ്ടാം ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു. ബൂത്തിലെത്തിയ ട്രാൻസ്‌ജെന്റേഴ്‌സ് കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം.

പരാജയഭീതിയിലായ സിപിഐഎം ആണ് കള്ളവോട്ട് ചെയ്തതെന്നും പൊലീസും ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുകയാണെന്നും കരമന ജയൻ ആരോപിച്ചു. സിപിഐഎം പ്രവർത്തകർ ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബൂത്തിൽ റീപോളിംഗ് വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പോളിംഗ് ബൂത്തിൽ വീഡിയോഗ്രാഫി സംവിധാനം ഇല്ലെന്നും ബാറ്ററി പോയി എന്നാണ് പറയുന്നതെന്നും രണ്ടുമണിക്കൂർ മാത്രമാണ് വീഡിയോഗ്രാഫി ഉണ്ടായിരുന്നതെന്നും ബിജെപി ആരോപിച്ചു.

ഇരട്ടവോട്ടുകളും വ്യാജതിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ചാണ് സിപിഐഎം കള്ളവോട്ടുകൾ ചെയ്യുന്നതെന്നും തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിക്കാൻ അവർ ശ്രമിച്ചെന്നും ബിജെപി നേതാക്കൾ പറഞ്ഞു. ട്രാൻസ്‌ജെന്റേഴ്‌സായ ചിലർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതിന് പിന്നാലെയാണ് ബിജെപിക്കാർ കള്ളവോട്ട് ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി.

അതേസമയം കള്ളവോട്ട് ആരോപണം തള്ളി എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കരൻകുട്ടി നായർ രംഗത്തെത്തി. കള്ളവോട്ട് ചെയ്തിട്ടില്ല. ട്രാൻസ്‌ജെന്റേർസ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂർ. അവർക്കൊപ്പം നിന്നത് എൽഡിഎഫ് ആണ്. അതിനാലാണ് അവർ എൽഡിഎഫിന് ഒപ്പം നിന്നത്. വോട്ടർ പട്ടികയിൽ ഉള്ള വോട്ടാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്‌ജെന്റേർസ് വോട്ട് ചെയ്യാൻ വരിനിൽക്കവെ ബിജെപി പ്രവർത്തകർ അവരെ കൂവിവിളിച്ചു. അവരും മനുഷ്യരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിയുടെ കള്ളവോട്ട് ആരോപണം തെറ്റെന്ന് തെളിയിക്കുന്നതാണ് ട്രാൻസ്‌ജെന്റേഴ്‌സിന്റെ വോട്ടർപട്ടികയിലെ പേരുകൾ. വോട്ട് ചെയ്ത എട്ട് ട്രാൻസ്‌ജെന്റേഴ്‌സിന്റെയും പേരുകൾ വോട്ടർപട്ടികയിലുണ്ട്.

Content Highlights : BJP alleges fake voting in Vanchiyoor

dot image
To advertise here,contact us
dot image