

തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിന് വേണ്ടി പരിക്ക് വകവെക്കാതെ കളത്തിലിറങ്ങി നിർണായക പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. ഇപ്പോഴിതാ നെയ്മറുടെയും ഒരു ആരാധകന്റെയും ഹൃദയഹാരിയായ നിമിഷമാണ് വൈറലാവുന്നത്. നെയ്മർ തൻ്റെ പ്രിയപ്പെട്ട ക്ലബ്ബിന് വേണ്ടി കളിക്കുന്നത് തുടരുന്നതിനായി കാൽമുട്ട് ദാനം ചെയ്യാൻ ആരാധകൻ തയ്യാറാവുന്നതാണ് വീഡിയോ. എന്നാൽ നെയ്‌മറുടെ മറുപടി ആരാധകരെ ചിരിപ്പിച്ചു.
ക്രൂസീറോയ്‌ക്കെതിരായ സീസൺ ഫൈനലിന് മുന്നോടിയായി സാന്റോസിന് വേണ്ടി നെയ്‌മർ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. "ഹേയ് നെയ്മർ, കളിക്കുന്നത് തുടരാൻ വേണ്ടി എൻ്റെ കാൽമുട്ട് ഞാൻ നിങ്ങൾക്ക് നൽകാൻ തയ്യാറാണ്!", സ്റ്റാൻഡിൽ നിന്ന് ഒരു സാന്റോസ് ആരാധകൻ വിളിച്ചുപറഞ്ഞു. "എനിക്ക് രണ്ട് കാല്‍മുട്ടുകള്‍ ആവശ്യമുണ്ട്", ആരാധകൻ്റെ സ്നേഹത്തിന് നന്ദി പറഞ്ഞ നെയ്മർ ചിരിച്ചുകൊണ്ട് മറുപടി നൽകി.
ഇടംകാലിന് പരിക്കേറ്റ് കളിക്കാൻ പാടില്ലെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ചാണ് നെയ്‌മർ സാന്റോസിന് വേണ്ടി പന്തുതട്ടിയത്. അവസാന നാല് കളിയിൽ ഹാട്രിക് ഉൾപ്പെടെ അഞ്ച് ഗോളടിച്ച നെയ്മറുടെ മികവിൽ സാന്റോസ് 12–ാം സ്ഥാനത്ത് അവസാനിപ്പിച്ചു. 20 ടീമുകളുള്ള ലീഗിൽ അവസാന നാല് സ്ഥാനക്കാർ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെടുമായിരുന്നു.
ഇപ്പോഴിതാ ദൗത്യം പൂർത്തിയാക്കി ശസ്‌ത്രക്രിയയ്ക്ക് തയ്യാറാവുകയാണെന്നും അറിയിച്ചിരിക്കുകയാണ് നെയ്‌മർ. ശസ്‌ത്രക്രിയയ്ക്ക് ഉടൻ വിധേയനാവുകയാണെന്നും അടുത്ത ലക്ഷ്യം ലോകകപ്പാണെന്നും നെയ്‌മർ പറഞ്ഞു.
Content Highlights: Neymar's hilarious reaction to Santos fan offering him a knee