

തിരുവനന്തപുരം: നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായിരുന്ന ദിലീപിനെ അനുകൂലിക്കുകയും അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിക്കുകയും ചെയ്ത യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. അടൂര്‍ പ്രകാശിന്റെ പ്രസ്താവന അപലപനീയമാണെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദന അറിയണമെങ്കില്‍ അല്‍പം മനുഷ്യത്വം വേണമെന്നും ശൈലജ പറഞ്ഞു. കീഴ്‌ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുക തന്നെ ചെയ്യും. ജീവിതത്തെ ധീരമായി അഭിമുഖീകരിക്കാന്‍ ആ മകള്‍ക്ക് പിന്തുണ നല്‍കുന്ന കുടുംബാംഗങ്ങളോടും സിനിമാ രംഗത്തെ ചില സുഹൃത്തുക്കളോടും സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദന അറിയണമെങ്കില്‍ അല്‍പം മനുഷ്യത്വം വേണം. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെ പ്രസ്താവന അപലപനീയം. സര്‍ക്കാര്‍ അപ്പീല്‍ പോവുക തന്നെ ചെയ്യും. ജീവിതത്തെ ധീരമായി അഭിമുഖീകരിക്കാന്‍ ആ മകള്‍ക്ക് പിന്തുണ നല്‍കുന്ന കുടുംബാംഗങ്ങളോടും സിനിമാ രംഗത്തെ ചില സുഹൃത്തുക്കളോടും സമൂഹം കടപ്പെട്ടിരിക്കുന്നു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയോട് പ്രതികരിക്കവെയായിരുന്നു അടൂര്‍ പ്രകാശിന്റെ വിവാദ പ്രസ്താവന. ദിലീപിന് നീതി ലഭ്യമായി എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. ആ കുട്ടിയോടൊപ്പമാണ് എന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. സര്‍ക്കാരിന് വേറെ ജോലിയില്ലാത്തതിനാലാണ് അപ്പീലിന് പോകുന്നതെന്നും അടൂര്‍ പ്രകാശ് പരിഹസിച്ചിരുന്നു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണിത്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കുന്ന സര്‍ക്കാരാണിതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. അടൂര്‍ പ്രകാശിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. തങ്ങള്‍ എക്കാലത്തും അതിജീവിതയ്‌ക്കൊപ്പമാണെന്നും അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടിയെന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സര്‍ക്കാരിന്റെ പരാജയമാണ് കേസിലെ വിധിയെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞത്. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമെന്നായിരുന്നു എം എം ഹസന്‍ പറഞ്ഞത്. കേസില്‍ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തില്‍ അപ്പീല്‍ പോകണമെന്നായിരുന്നു ശശി തരൂര്‍പറഞ്ഞത്. കേരള ജനത അതിജീവിതയ്‌ക്കൊപ്പമാണെന്നും അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ നിലപാടാണെന്നും വി എം സുധീരനും പറഞ്ഞു. അടൂര്‍ പ്രകാശിനെതിരെ മന്ത്രിമാരായ വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, വി എൻ വാസവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. സംഭവം വന്‍ വിവാദമായതോടെ അടൂര്‍ പ്രകാശ് മലക്കം മറിഞ്ഞു. കേസില്‍ നീതി കിട്ടിയിട്ടില്ലെന്നും എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നുമായിരുന്നു അടൂര്‍ പ്രകാശ് പിന്നീട് പ്രതികരിച്ചത്.
Content Highlights- K K Shailaja against adoor prakash on his statement to support dileep