

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസിലും വമ്പൻ നേട്ടമാണ് ഈ മമ്മൂട്ടി ചിത്രം നേടുന്നത്. ചിത്രത്തിൽ മമ്മൂട്ടി സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ മമ്മൂട്ടി കയ്യിൽ നിന്ന് ഇട്ടതാണെന്നും സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു എല്ലാവരും അത്ഭുതപ്പെട്ടെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ജിതിൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ സീനിന് പിന്നിലെ മറ്റൊരു സർപ്രൈസ് കൂടി പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയ ആഷിക് സലാം.
മമ്മൂട്ടി ചവച്ച് തുപ്പുന്ന ആ സീനിൽ ഉപയോഗിച്ചത് യഥാർത്ഥ സിഗരറ്റ് ആണെന്ന് പറയുകയാണ് ആഷിക്. സിഗരറ്റ് കത്തിക്കാൻ ആയിരുന്നു ആദ്യം ഉദ്ദേശിച്ചതെന്നും എന്നാൽ അദ്ദേഹം ഇങ്ങനെ ചെയ്യുന്ന കാര്യം തങ്ങൾ അറിയുന്നത് ഈ മോമെന്റിൽ ആണെന്നും ആഷിക് പറഞ്ഞു. 'എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ രോമാഞ്ചം തന്ന സീൻ ആണ് മമ്മൂക്ക സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ. സിഗററ്റിനെ ഒരു ടൂൾ ആക്കിയാണ് സിനിമയിൽ ആ സീൻ സംഭവിക്കുന്നത്. ആ ഷോട്ടിന്റെ വിഷ്വൽ ഡിസൈൻ എന്താണെന്ന് നേരത്തെ പറഞ്ഞു സെറ്റ് ചെയ്‌തിരുന്നു. എങ്ങനെയാണ് മമ്മൂട്ടി എന്ന ആൾ ഇന്ന് നമ്മൾ കാണുന്ന മമ്മൂട്ടി ആയി മാറി എന്നതിന്റെ തെളിവ് കൂടി ആയിരുന്നു ആ സീൻ.
ഞാൻ അദ്ദേഹത്തിനോട് ആ സീനിൽ കയ്യിൽ ഒരു സിഗരറ്റ് കാണും അത് സീൻ പോകുന്നതിന് അനുസരിച്ച് കളയണം എന്ന് പറഞ്ഞു. അപ്പോ അദ്ദേഹം ഞാൻ കളയില്ല വേറെ ഒരു പരിപാടി ഉണ്ട് നീ കണ്ടോ എന്ന് പറഞ്ഞു. എന്നിട്ടാണ് അദ്ദേഹം സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ ചെയ്യുന്നത്. അത് കഴിഞ്ഞപ്പോഴേക്കും നമുക്ക് എല്ലാവർക്കും രോമാഞ്ചമായിരുന്നു. മമ്മൂക്കയുടെ കയ്യിൽ നിന്ന് വന്ന സാധനം ആണത്. അത് എടുത്ത് കഴിഞ്ഞ ഉടൻ സെറ്റ് മുഴുവൻ കയ്യടിച്ചു', എന്നായിരുന്നു ആ സീനിനെക്കുറിച്ച് ജിതിൻ പറഞ്ഞത്.


ആഗോള തലത്തിൽ സിനിമ 50 കോടിയിലേക്ക് കുതിക്കുകയാണ്. കേരളത്തിൽ നിന്ന് ഇതുവരെ 15.5 കോടിയാണ് കളങ്കാവലിന്റെ കളക്ഷൻ. വരും ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. ഓവർസീസിൽ നിന്ന് 24.8 കോടിയാണ് സിനിമയുടെ സമ്പാദ്യം. മൂന്ന് ദിവസം കൊണ്ട് 44.15 കോടിയാണ് കളങ്കാവല്‍ ആഗോള തലത്തിൽ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ മൂന്നാമത്തെ മികച്ച ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ ആണിത്. 44.6 കോടി നേടിയ ഭീഷ്മ പർവ്വം ആണ് ഒന്നാം സ്ഥാനത്ത്. വൈശാഖ് ഒരുക്കിയ ടർബോ ആണ് രണ്ടാം സ്ഥാനത്ത്. 44.55 കോടിയാണ് ടർബോയുടെ വീക്കെൻഡ് കളക്ഷൻ. ചിത്രം വൈകാതെ 50 കോടിയും കടന്നു 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ.
Content Highlights: Kalamkaval asso.director about mammootty and cigarette scene