

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ ഫെഫ്കയിലെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
'2 മണിക്കൂറിനുള്ളിൽ ദിലീപിനെ പുറത്താക്കിയ സംഘടന ഫെഫ്കയാണ്. അന്ന് വിശേഷിച്ച് ഒരു കമ്മിറ്റിയും കൂടാതെ, ഫെഫ്കയുടെ ഭരണഘടന ജനറൽ സെക്രട്ടറിയ്ക്ക് നൽകുന്ന അധികാരങ്ങളെ ആദ്യമായി ഉപയോഗപ്പെടുത്തിയ സന്ദർഭം അതാണ്. ട്രെയ്ഡ് യൂണിയൻ എന്ന നിലയിൽ ഞങ്ങൾ ദിലീപിനെ കുറ്റാരോപിതനായ സമയം അംഗ്വത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തമായി. ആ സാഹചര്യത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ അംഗ്വത്വത്തെ സംബന്ധിച്ചുള്ള തുടർ നടപടികൾ എന്തായിരിക്കണമെന്ന് ആലോചിക്കാൻ
യൂണിയനോട് ആവശ്യപ്പെടുന്നുണ്ട്.
എട്ട് വർഷത്തെ ട്രയലിന് ഒടുവിൽ ദിലീപിനെ പോലെ പ്രധാനപ്പെട്ട ഒരു നടൻ അദ്ദേത്തിൽ ചാർത്തപ്പെട്ട കുറ്റത്തിൽ നിന്ന് വിമുക്തമായി തൊഴിൽ മേഖലയിലേക്ക് തിരികെ വരുകയാണ്. മലയാള സിനിമ വ്യവസായത്തെ പല ചാലുകളിലേക്ക് തിരിച്ച് വിട്ട സംഭവം കൂടിയാണിത്. ഇപ്പോൾ ഈ വിധി വരുമ്പോൾ ഏറ്റവും ഫലപ്രദമായി പോലീസ് അന്വേഷിച്ച കേസ് നന്നായി പ്രോസിക്യൂഷൻ നടത്തിയ കേസ് അതിൽ ഇത്തരത്തുള്ള വിധി ഉണ്ടാകുമ്പോൾ അത് കാണേണ്ടതുണ്ട്. വിശദമായി വായിക്കേണ്ടതുണ്ട്, അന്വേഷിക്കേണ്ടതുണ്ട്. അതിൽ പറയുന്ന കാര്യങ്ങളെ കാണാതെ പോകരുതെന്ന അഭിപ്രായം ഞങ്ങൾക്ക് ഉണ്ട്. പക്ഷേ, കേസിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയ തൊഴിലാളി പ്രസ്ഥാനം എന്ന നിലയില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
ക്രിമിനല്‍ കുറ്റാരോപിതരായവരെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാറുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി കുറ്റവിമുക്തനാണെന്ന് പറഞ്ഞാല്‍, സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ്. അവിടെ ഞാന്‍ വിശേഷാധികാരം ഉപയോഗിക്കുന്നില്ല. സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെ. അദ്ദേഹത്തിന് താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല,' ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
Content Highlight : BUnnikrishnan says Dileep's suspension from FEFKA will be reviewed