

തിരുവനന്തപുരം: ചാത്തന്‍പാറയില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി നബീലിന്റെ വാഹനം ചാത്തന്‍പാറയില്‍ എത്തിയപ്പോള്‍ അക്രമത്തിനിരയാവുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് നബീലിന്റെ വാഹനം ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ നബീല്‍ ഉള്‍പ്പെടെ പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
എന്നാല്‍ തങ്ങള്‍ക്ക് നേരെയാണ് ആദ്യം അതിക്രമമുണ്ടായതെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ പറയുന്നത്. മാരകായുധങ്ങളുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വിഭാഗങ്ങളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കല്ലമ്പലം പൊലീസ് കേസെടുത്തു.
അതേസമയം, കൊട്ടിക്കലാശത്തിനിടെ കൊച്ചി കളമശ്ശേരി മണലിമുക്കിലും സംഘർഷമുണ്ടായി. സംഘർഷത്തിൽ സിപിഐഎം പ്രവർത്തകൻ അബിൻഷാദിന് നെറ്റിയിൽ കത്തി കൊണ്ട് വെട്ടേറ്റു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഷുക്കൂർ എന്ന ആളാണ് ആക്രമിച്ചത് എന്നാണ് പരിക്കേറ്റവരുടെ ആരോപണം.
അതേസമയം, 20 ദിവസങ്ങള്‍ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് തിരശ്ശീല വീണിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചത്. ചൊവ്വാഴ്ച്ച ഏഴ് ജില്ലകളിലായി 1.32 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്യും.
Content Highlight; Clash between Congress and DYFI workers in Chathanpara during Kottikalasam