

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
രാഹുൽ ലൈംഗിക വൈകൃതക്കാരനാണെന്നും പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം സംവാദ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ പൊലീസ് ഫലപ്രദമായ കാര്യമാണ് സ്വീകരിച്ചുവരുന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്നതിനുള്ള നടപടികളാണ് ചിലർ സ്വികരിച്ചത്. രാഹുലിനെ സംരക്ഷിക്കാൻ ചിലരിൽനിന്ന് ബോധപൂർവ്വമായ ശ്രമം ഉണ്ടായി. ഇനിയെങ്കിലും അത്തരം സംരക്ഷണങ്ങൾ ഒരുക്കാതിരിക്കണം. പൊലീസ് ഫലപ്രദമായി പ്രവർത്തിച്ച് ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ പിടിയിലാകുന്നതിന് ആരും എതിരല്ലല്ലോ, അതിന് പൊലീസ് ശ്രമിക്കുകയല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റേത് മാതൃകാപരമായ നടപടിയാണെന്ന് എങ്ങനെ പറയാനാകും. അത് പറയുമ്പോൾ ആ പറയുന്ന ആളുടെ അടുത്ത് ചിലപ്പോൾ അത്തരം കുറ്റത്തിൽ ജയിലിൽ കിടന്ന ആളുമുണ്ടാകാം. കോൺഗ്രസ് പാർട്ടിയിലുള്ള എംഎൽഎ ആയ ചിലർ ജയിലിലടക്കം കിടന്നിട്ടുണ്ട്. അവരെ പാർട്ടി പുറത്താക്കിയിട്ടുണ്ടോ? രാഹുലിന്റെ വിഷയത്തിൽ ഏതെല്ലാം രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്. എത്ര ബീഭത്സമായ കാര്യങ്ങളാണത്. സാധാരണഗതിയിൽ പ്രതീക്ഷിക്കാനാകാത്ത കാര്യങ്ങളാണ് പുറത്തുവന്നത്. മനുഷ്യമനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു ലൈംഗിക വൈകൃതക്കാരന്‍റെതായ നടപടികളാണ് അയാളിൽ നിന്നുണ്ടായത്.
ഇത് ഒരു പൊതുപ്രവർത്തകനോ പൊതു സമൂഹത്തിനാ ചേരുന്നതല്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ വരുമ്പോൾ തന്നെ പൊതു പ്രവർത്തനത്തിൽനിന്ന് ഇത്തരക്കാരെ മാറ്റിനിർത്തേണ്ടതായിരുന്നു, മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടുണ്ട്. അത് അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപം എന്ന് വിശേഷിപ്പിച്ച് അയാളെ അവതരിപ്പിക്കുകയായിരുന്നോ വേണ്ടിയിരുന്നത്. അതെല്ലാം ബന്ധപ്പെട്ടവർ സ്വയമേവ പരിശോധിക്കണമായിരുന്നു. സാധാരണഗതിയിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാനാകുമോ? അകറ്റിനിർത്താനല്ലേ ശ്രമിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയല്ലേ, ആ പാരമ്പര്യം കളഞ്ഞുകുളിക്കുന്നത് ശരിയാണോ. ഏറ്റവും ഒടുവിൽ വന്ന യുവതിയുടെ പരാതിയിൽ പറയുന്നത് ഒരാൾ എത്തിച്ചുകൊടുത്തുവെന്നാണ്. എന്താണ് അതിന് സാധാരണ മലയാളത്തിൽ പറയുക, ഏതായാലും ഞാനത് ഇപ്പോൾ പറയുന്നില്ല. അങ്ങനെ ഒരു അധഃപതനം എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടിയിയിൽപെട്ടയാൾക്ക് സംഭവിക്കുന്നത്. അതാണോ രാഷ്ട്രീയ പ്രവർത്തനം. ഒരാളെ എത്തിച്ചുകൊടുക്കലാണോ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി ഒരാൾ ഓഫീസും പൂട്ടി സ്ഥലം വിട്ടുവെന്ന് പറഞ്ഞില്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബർ വെട്ടുകിളികൾ രംഗത്തുവരുന്നത് രാഹുലിനെതിരെ ആരും പറയാൻ പാടില്ല എന്നതുകൊണ്ടാണ്. പറഞ്ഞാൽ പറയുന്നവർക്കെതിരെ അസഭ്യ വർഷവും ആക്ഷേപവും അവഹേളനവുമാണ്. ഇതൊന്നും ഒരു പാർട്ടിയിൽ നടക്കുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി എം ശ്രീ വിഷയത്തിൽ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എം പി മാർ ഇടപെടൽ നടത്തും നാടിന്റെ വികസനത്തിനായി എം പി മാർ ഒരുമിച്ച് നിൽക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വിവേചനപൂർണമായ നടപടികളെ എതിർക്കാതെ സംസ്ഥാന സർക്കാറിനെ എതിർക്കുന്ന സമീപനമാണ് നേരത്തേ കോൺഗ്രസ് എം പിമാർ നടത്തിയിരുന്നത്. എന്നാൽ പൊതുവായ കാര്യങ്ങൾക്ക് ഒന്നിച്ചു നിൽക്കുന്ന സമീപനമാണ് ഇപ്പോഴുള്ളത്. അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എം പി മാർ. കാര്യക്ഷമമായി പ്രവർത്തിക്കുന്ന എം പി യാണ് ജോൺ ബ്രിട്ടാസെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: C M Pinarayi Vijayan Against Rahul Mamkootathil