അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; ഇടുക്കിയിലും കാസര്‍കോട്ടും കേസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതിന് പിന്നാലെ അതിജീവിതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു

അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; ഇടുക്കിയിലും കാസര്‍കോട്ടും കേസ്
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയുടെ ഐഡൻ്റിൻ്റി വെളിപ്പെടുത്തുന്ന വിധത്തിൽ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തില്‍ ഇടുക്കിയിലും കാസർകോട്ടും കേസ്. അതിജീവിതയെ തിരിച്ചറിയുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അബ്ദുൾ കെ നാസർ എന്ന ആൾക്കെതിരെ നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അബ്ദുള്‍ കെ നാസറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി മെറ്റയെ സമീപിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തിലാണ് കാസർകോട് കേസ് രജിസ്റ്റർ ചെയ്തത്. കാസര്‍കോട് സൈബര്‍ പൊലീസാണ് സംഭവത്തില്‍ സ്വമേധയ കേസെടുത്തത്. 'jayaraj bare' എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതിന് പിന്നാലെ അതിജീവിതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതേ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെതിരായ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിയന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരായ കുറ്റം നിസാരമായി കാണാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

ഇന്നലെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

Content Highlight; Survivor’s information was shared on social media; cases registered in Idukki and Kasaragod

dot image
To advertise here,contact us
dot image