'കോടതിയുടേത് അന്യായവിധി'; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് ദീപ

'എന്ത് ഉദ്ദേശത്തിലാണ് പൊലീസ് വീട്ടിലേക്ക് വന്നതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ലാപ്‌ടോപ്പ് മാറ്റിയത്'

'കോടതിയുടേത് അന്യായവിധി'; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് ദീപ
dot image

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരമനുഷ്ഠിക്കുമെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. കോടതിയുടേത് അന്യായമായ വിധിയാണെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചെന്നും ദീപ പറഞ്ഞു. പൊലീസ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. എന്ത് ഉദ്ദേശത്തിലാണ് പൊലീസ് വീട്ടിലേക്ക് വന്നതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ലാപ്‌ടോപ്പ് മാറ്റിയതെന്നും ദീപ പറഞ്ഞു . രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപയുടെ പ്രതികരണം.

രാഹുലിനെതിരായ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിയന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരായ കുറ്റം നിസാരമായി കാണാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

അതേസമയം, പൊലീസ് പച്ചക്കള്ളമാണ് പറഞ്ഞതെന്നും ജയിലില്‍ നിരാഹാരം കിടക്കുമെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

ഇന്നലെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

Content Highlight; Rahul Easwar's wife Deepa responds to Rahul's remand

dot image
To advertise here,contact us
dot image