

ബ്രെഡിനെക്കുറിച്ച് പൊതുവേയുള്ള മോശം അഭിപ്രായമാണ് അതില്‍ ധാരാളമായി പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നത്. അതുകൊണ്ടുതന്നെ ബ്രേക്ക്ഫാസ്റ്റായും ഡയറ്റിന്റെ ഭാഗമായും ഒക്കെ ബ്രഡ് കഴിക്കുന്നത് ഉപേക്ഷിക്കണമെന്ന് പല ഡയറ്റീഷ്യന്മാരും പറയാറുമുണ്ട്. എന്നാല്‍ ബ്രെഡ് ഫ്രീസ് ചെയ്ത് കഴിക്കുന്നത് അന്നജത്തിന്റെ ഘടനയെ ബാധിക്കുന്നുവെന്നും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുന്നുവെന്നും ഡോ. കുനാല്‍ സൂദ് പറയുന്നു.

ഡോ. കുനാല്‍ സൂദ് പറയുന്നതനുസരിച്ച് ബ്രെഡ് ഫ്രീസ് ചെയ്തശേഷം ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില തരം സ്റ്റാര്‍ച്ചുകള്‍ റിട്രോഗ്രേഡേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അപ്പോള്‍ അന്നജത്തിന്റെ ഘടനയുടെ ഒരുഭാഗം സ്റ്റാര്‍ച്ച് ആയി മാറുകയാണ് ചെയ്യുന്നത്. ഈ സ്റ്റാര്‍ച്ച് പഞ്ചസാരയേക്കാള്‍ നാരുകള്‍ അഥവാ ഫൈബറുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കാനും അളവ് കുറയ്ക്കാനും കാരണമാകുന്നു. വൈറ്റ് ബ്രെഡ് ഫ്രീസ് ചെയ്തശേഷം വീണ്ടും ചൂടാക്കുന്നത് ആരോഗ്യമുള്ള വ്യക്തികളുടെ ഗ്ലൈസെമിക് രീതിയെ എങ്ങനെയാണ് ബാധിച്ചതെന്ന് 'ജേണല്‍ ഓഫ് പ്രിവന്റേറ്റീവ് ആന്‍ഡ് കോംപ്ലിമെന്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. ഫ്രഷ് ബ്രെഡിനെ അപേക്ഷിച്ച് ഫ്രീസ് ചെയ്ത് വീണ്ടും ഡീഫ്രോസ്റ്റ് ചെയ്യുന്ന ബ്രഡ് ഭക്ഷണത്തിന് ശേഷമുളള രക്തത്തിലെ ഗ്ലൂക്കോസ് സ്‌പൈക്കുകള്‍ 30 ശതമാനം വരെ കുറച്ചതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ദഹനത്തെ സഹായിക്കുന്നു
ബ്രഡ് ഫ്രീസ് ചെയ്യുമ്പോള്‍ സ്റ്റാര്‍ച്ച് തന്മാത്രകള്‍ ശരീരം കൂടുതല്‍ സാവധാനം വിഘടിക്കുന്ന രൂപത്തിലേക്ക് മാറ്റുന്നു. ഇതുമൂലം ദഹനനാളത്തിന് പെട്ടെന്നുള്ള ഗ്ലൂക്കോസ് വര്‍ധനവ് കൈകാര്യം ചെയ്യാന്‍ അധികം പണിപ്പെടേണ്ടിവരില്ല. ബ്രഡിലെ പ്രതിരോധ ശേഷിയുളള സ്റ്റാര്‍ച്ചിന്റെ സാന്നിധ്യം സ്ഥിരമായുള്ള ദഹനതാളത്തെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങള്‍ സുഗമമായി ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
കാര്‍ബോഹൈഡ്രേറ്റിനെ ദഹിപ്പിക്കുന്ന പ്രവൃത്തി പതുക്കെയാകുമ്പോള്‍ അത് ആന്റി ഓക്‌സിഡന്റുകളും മൈക്രോന്യൂട്രിയന്‍സും പുറത്തുവിടുന്നതിനെയും ആഗിരണം ചെയ്യുന്നതിനെയും ബാധിക്കുന്നു. ഫ്രീസ് ചെയ്യപ്പെടുകയും പിന്നീട് റിട്രോഗ്രഡേഷന് വിധേയമാവുകയും ചെയ്ത ബ്രെഡ് അതിലെ പഞ്ചസാരയെ സാവധാനത്തില്‍ പുറത്തുവിടുന്നു. ഇത് സെല്ലുലാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കുന്നു
തണുപ്പിച്ച ബ്രെഡ് കഴിക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് സ്‌പൈക്കുകളില്‍ കുറവ് അനുഭവപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷിയുളള അന്നജത്തിലേക്കുളള മാറ്റം ഗ്ലൂക്കോസിന്റെ അളവ് വേഗത്തില്‍ വര്‍ധിക്കുന്നത് തടയും. ഗ്ലൈസമിക് പ്രതികരണം മെച്ചപ്പെടുമ്പോള്‍ ദിവസം മുഴുവന്‍ ഏകാഗ്രത, വിശപ്പ് നിയന്ത്രണം, ഉപാപചയ സ്ഥിരത ഇവയുണ്ടാകാന്‍ സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ബ്രെഡിലെ അന്നജം ഗുണകരമായ കുടല്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. അന്നജത്തിലെ സംയുക്തങ്ങള്‍ വന്‍കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മന്ദഗതിയിലുള്ള ദഹനം ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ മാത്രമല്ല കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു.
ദിവസേനെയുള്ള ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്നു
ഫ്രീസ് ചെയ്ത ബ്രെഡ് അന്നജത്തിന്റെ ഘടനയെ കൂടുതല്‍ ഊര്‍ജവിതരണം സൃഷ്ടിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്നു. ഇത് ശരീരത്തെ റിലാക്‌സ് ചെയ്യുന്ന രീതിയിലേക്ക് മാറ്റുന്നു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Frozen bread has benefits from lowering blood sugar levels to improving gut health