വോട്ട് ചെയ്യൽ കൊടിയ പാപമാണെന്ന വാദം ഇപ്പോൾ ഇല്ലാതായോ?; ജമാഅത്തെ ഇസ്‌ലാമിയോട് ചോദ്യങ്ങളുമായി അബ്ദുൾ ഹമീദ് ഫൈസി

ജമാഅത്തെ ഇസ്‌ലാമിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിനെതിരെ നേരത്തേയും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു

വോട്ട് ചെയ്യൽ കൊടിയ പാപമാണെന്ന വാദം ഇപ്പോൾ ഇല്ലാതായോ?; ജമാഅത്തെ ഇസ്‌ലാമിയോട് ചോദ്യങ്ങളുമായി അബ്ദുൾ ഹമീദ് ഫൈസി
dot image

കോഴിക്കോട്: തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയോട് പത്ത് ചോദ്യങ്ങളുമായി ഇകെ വിഭാ​ഗം സമസ്ത നേതാവും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. തദ്ദേശ തെരഞ്ഞെടപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയർ പാർട്ടിയുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന സഹകരണത്തിനെതിരെ എപി-ഇകെ സമസ്ത വിഭാഗങ്ങളില്‍ നിന്ന് വലിയ വിമർശനം ഉയരുന്നതിനിടെയാണ് പ്രമുഖ സമസ്ത നേതാവ് ചോദ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിനെതിരെ നേരത്തേയും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 'ജമാഅത്തെ ഇസ്‌ലാമി അത്ര ശുദ്ധമല്ല, രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണണം' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമിയോട് പത്ത് ചോദ്യങ്ങളുമായി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വീണ്ടും മുന്നോട്ടുവന്നിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയെ അനുസരിക്കൽ ശിർക്ക് (ബഹുദൈവ വിശ്വാസിയായിത്തീരുന്ന വൻ കുറ്റം) ആണെന്ന വാദം ഇപ്പോൾ ഇല്ലാതെ ആയോ? എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഉയർത്തുന്നത്. 'ഏതു മുന്നണിയുമായും ബന്ധം ഉണ്ടാക്കാം. ബിജെപി മുന്നണിയുമായി പോലും ബന്ധം ഉണ്ടാക്കാം. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷെ സുന്നികളെ സംബന്ധിച്ചിടത്തോളം ആശയപരമായ അവരുടെ ദയനീയമായ പാപ്പരത്വം ചൂണ്ടിക്കാണിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുപ്പ് സമയം തന്നെയാണ്' അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ…

ജമാഅത്തെ ഇസ്‌ലാമിയോട് 10 ചോദ്യങ്ങൾ

ജമാഅത്തെ ഇസ്‌ലാമി കേരളത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ അവർ മത്സരിക്കുന്നതാണ് കാരണം. ഇപ്പോൾ അവർ യുഡിഎഫുമായി ചങ്ങാത്തം ഉണ്ടാക്കിയതോ മുൻകാലത്ത് എൽഡിഎഫുമായി ചങ്ങാത്തമുണ്ടാക്കിയതോ അല്ല ഇതിന് കാരണം. അവർക്ക് ഏതു മുന്നണിയുമായും ബന്ധം ഉണ്ടാക്കാം. ബിജെപി മുന്നണിയുമായി പോലും ബന്ധം ഉണ്ടാക്കാം. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷെ,സുന്നികളെ ബാധിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാണിക്കാൻ അവർക്ക് അവകാശമുണ്ട്. സുന്നികളെ സംബന്ധിച്ചിടത്തോളം ആശയപരമായ അവരുടെ ദയനീയമായ പാപ്പരത്വം ചൂണ്ടിക്കാണിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുപ്പ് സമയം തന്നെ.

താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമിക്ക് മറുപടി പറയാൻ കഴിയുമോ?

1.ഇന്ത്യന്‍ ഭരണഘടനയെ അനുസരിക്കല്‍ ശിര്‍ക്ക് (ബഹു ദൈവ വിശ്വാസിയായിത്തീരുന്ന വന്‍ കുറ്റം) ആണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ?

2.തെരഞ്ഞെടുപ്പില്‍ മത്സരിക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ?
3.വോട്ട് രേഖപ്പെടുത്തല്‍ ശിര്‍കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ?
4.സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ ശിര്‍ക്കാണ് എന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ?
5.ഇന്ത്യയിലെ കോടതികളെ സമീപിക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ?
6.സര്‍ക്കാരിന്റെ കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തല്‍ ശിര്‍ക്കാണെന്ന വാദംഇപ്പോള്‍ ഇല്ലാതെ ആയോ ?
7.അത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ പറഞ്ഞയക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ?
8.ഇസ്‌ലാമിക ചരിത്രത്തില്‍ ശിര്‍ക്കായ കാര്യം ശിര്‍ക്കല്ലാതെ ആയി തീര്‍ന്ന ഏതെങ്കിലും ഒരു സംഭവം ഉദ്ധരിക്കാന്‍ സാധിക്കുമോ?
9.ഇത്തരം കാര്യങ്ങള്‍ സാന്ദര്‍ഭികമായി ഉയര്‍ത്തി കാണിക്കുമ്പോള്‍ ജമാഅത്തുകാര്‍ നിങ്ങളുടെ കുടുംബത്തില്‍ ഇല്ലേ? അവരെ നിങ്ങള്‍ എന്ത് ചെയ്യും തുടങ്ങിയ ബാലിശമായ ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തി?
10.കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ക്ക് തൗഹീദില്‍ തെറ്റുപറ്റി എന്ന് പറയുകയാണെങ്കില്‍ ഈ ചോദ്യങ്ങള്‍ അവസാനിപ്പിക്കാം. ഇല്ലെങ്കില്‍ ന്യായമായ ഈ ചോദ്യങ്ങള്‍ക്ക് ജമാഅത്തുകാര്‍ മറുപടി പറയുമോ?

Content Highlights- Samastha leader Abdul Hameed Faizy Ambalakadavu With Ten Questions To Jamaat-e-Islami

dot image
To advertise here,contact us
dot image