

വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ഹീറോയായ ജെമീമ റോഡ്രിഗസിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. താരത്തിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് വനിതാ ലോകകപ്പ് കലാശപ്പോരിലേക്കുള്ള വഴിതുറന്നത്. സെമിയിൽ ഓസീസിനെതിരേ 134 പന്തിൽ നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെ 127 റൺസെടുത്ത ജെമീമ പുറത്താകാതെ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന താരത്തിന്റെ ഉഗ്രൻ തിരിച്ചുവരവ് കൂടിയായിരുന്നു അത്. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു.
ഇപ്പോഴിതാ സെമി ഫൈനൽ ഇന്നിങ്സിന് ശേഷമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ജെമീമ. സെമി ഫൈനലിലെ ആ ഇന്നിങ്സിന് ശേഷം, എൻ്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. കോളുകളും മെസ്സേജുകളും കൊണ്ട് നിറഞ്ഞു. എനിക്ക് 1000 ലെ വാട്സ്ആപ്പ് സന്ദേശങ്ങൾ വന്നിരുന്നു. ഒടുവിൽ ഞാൻ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു. താരം പറഞ്ഞു.
ആളുകൾ എനിക്ക് സന്ദേശമയക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷെ എനിക്ക് ഫൈനലിനായി തയ്യാറെടുക്കണമായിരുന്നു. അതുകൊണ്ട്, ഫൈനൽ വരെ ഞാൻ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല. ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ലോകകപ്പിന് ശേഷമാണ് പിന്നീട് സജീവമായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചതെന്നും ജെമീമ കൂട്ടിച്ചേർത്തു.
Content Highlights: Jemimah Rodrigues had to uninstall WhatsApp after her semifinal