

കാലങ്ങളായി മദ്യപിക്കുന്നവര്‍ ചോദിക്കുന്ന ചോദ്യമാണ് മദ്യപിക്കുന്നതിന് സുരക്ഷിതമായ അളവ് എന്തെങ്കിലും ഉണ്ടോ എന്നുള്ളത്. ഈ ചോദ്യം തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. എങ്കിലും മദ്യപാനത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് മുംബൈയില്‍ നിന്നുള്ള ഓര്‍ത്തോപീഡിക് സര്‍ജനും അധ്യാപകനും 'ന്യൂട്രിബൈറ്റ് വെല്‍നെസ്' സ്ഥാപകനുമായ ഡോ. മനന്‍ വോറ.
ചെറിയ അളവില്‍ പോലും മദ്യപിക്കുന്നത് ശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കും എന്നുളളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുളള കാര്യമാണ്. എങ്കിലും ചില ആളുകള്‍ക്കുള്ള സംശയമാണ് ആഴ്ചയില്‍ ഒരിക്കലോ മാസത്തിലൊരിക്കലോ ഒക്കെ മദ്യപിക്കുന്നതുകൊണ്ട് വലിയ കുഴപ്പം ഒന്നും ഇല്ലല്ലോ? ഇനിയിപ്പോള്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം അല്‍പം വീതം മദ്യപിച്ചാല്‍ എന്ത് സംഭവിക്കാനാണ് എന്നൊക്കെ. ഈ പറഞ്ഞ രീതിയിലുള്ള മദ്യപാനത്തെക്കുറിച്ച് വിശദമായി അറിയാം.

മാസത്തിലൊരിക്കല്‍ മദ്യപിക്കുന്നതുപോലും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുമെന്നാണ് ഡോ. മനന്‍ വോറ പറയുന്നത്. ഇത് കരളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ക്ലാസിക് ഹാംഗ് ഓവര്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മാസത്തിലൊരിക്കല്‍ മദ്യപിച്ചാല്‍ ആ ദിവസം നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും നിര്‍ജലീകരണം സംഭവിക്കുകയും ചെയ്യും. മദ്യത്തിന്റെ അംശം ശരീരത്തില്‍ നിന്ന് പുറംതള്ളാന്‍ കരളിന് അധികമായി പ്രവര്‍ത്തിക്കേണ്ടിവരുന്നു. മദ്യപിച്ചതിന്റെ തൊട്ടടുത്ത ദിവസം നിങ്ങള്‍ക്ക് ക്ഷീണം, തലവേദന, അസ്വസ്ഥമായ ഉറക്കം എന്നിവ അനുഭവപ്പെടും.
ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിക്കുന്നത് കരളിന് അമിതഭാരം ജോലിഭാരം നല്‍കുന്നു. ഇത് ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിച്ചാല്‍ ഇവിടെ ഹാങ്ഓവര്‍ കൂടുതല്‍ വഷളാകും. കരള്‍ കൂടുതല്‍ ജോലി ചെയ്യുന്നതുകൊണ്ട് ഫാറ്റിലിവര്‍ രോഗം നേരത്തെ വരാനുളള സാധ്യത വര്‍ധിപ്പിക്കുന്നു.
ആഴ്ചയില്‍ പല തവണ മദ്യപിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. കാരണം ആഴ്ചയില്‍ 3 മുതല്‍ 5 തവണയൊക്കെ മദ്യപിക്കുമ്പോള്‍ ശരീരത്തിന് സ്വയം വീണ്ടെടുക്കാനുളള സമയം പോലും ലഭിക്കുന്നില്ല. അത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാവാത്ത വിധം വര്‍ധിക്കാനിടയാക്കുകയും ചെയ്യും. രാത്രികളില്‍ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും കരള്‍ വീര്‍ക്കാനിടയാക്കുകയും ചെയ്യുന്നു.

ഡോ. വോറ പറയുന്നതനുസരിച്ച് എല്ലാ ദിവസവും മദ്യപിക്കുന്നത് നിങ്ങളെ ഉയര്‍ന്ന അപകട അവസ്ഥയിലേക്ക് തള്ളിവിടുന്നു. ഇത് രോഗ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ലിവര്‍ ഫൈബ്രോസിസ് അല്ലെങ്കില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാനുളള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഹൃദയത്തിന്‍റെയും പാന്‍ക്രിയാസിന്റെയും ആരോഗ്യത്തെയും ബാധിക്കുന്നു.
മദ്യത്തിന്റെ ഉപയോഗം പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്നുണ്ടെന്നും മദ്യപിക്കുന്നതിന് സുരക്ഷിതമായ അളവില്ലെന്നും ഡോ. മനന്‍ വോറ ഊന്നി പറയുന്നു. കൂടുതല്‍ മദ്യപിക്കുംതോറും അപകട സാധ്യതകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്.
Content Highlights : Some questions and answers about alcoholism