

തൃശൂർ: തൃശൂർ രാഗം സുനിൽ വധശ്രമക്കേസിൽ പ്രവാസി വ്യവസായി റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കി. ഇയാളുടെ പൊഴോലിപറമ്പിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. അതേസമയം ഇയാളുടെ ഇരിങ്ങാലക്കുടയിലെ വീട് പൂട്ടിയ നിലയിലാണ്. സിനിമ നിർമ്മാതാവും ഇരിങ്ങാലക്കുടയിലെ തിയറ്റർ ഉടമയുമായ റാഫേൽ സുനിലുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് വിവരം. നിലവിൽ റാഫേലിനായുള്ള തിരച്ചിലിലാണ് പൊലീസ്. ഇയാൾ ഇന്ത്യയിൽ വിമാനമിറങ്ങിയാൽ പിടികൂടും.
സുനിൽ കുമാറിനെയും ഡ്രൈവർ അജീഷിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് ഗുണ്ടകളെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശികളായ ആദ്യത്യൻ, ഗുരുദാസ് എന്നിവരാണ് പിടിയിലായത്. ഗുണ്ടകൾക്ക് കാറുകൾ സജ്ജമാക്കി കൊടുത്ത മൂന്നു പേരും കേസിൽ അറസ്റ്റിലായിരുന്നു.
നവംബർ 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വാഹനങ്ങളിലെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് സുനിലിനെയും ഡ്രൈവറെയും ആക്രമിക്കുകയാണ് ഉണ്ടായത്. പ്രതികൾ സഞ്ചരിച്ച കാറിനെ പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്റെ കാറായിരുന്നു ഇത്.
Content Highlights: Ragam Sumil Kumar attack case update