'അമാനുഷികത ആരോപിച്ചും ദൈവ- സ്വര്‍ഗ നരകങ്ങളുടെ തെളിവെടുപ്പിനായി ഉപയോഗിച്ചും ആ കുഞ്ഞിന്റെ ഭാവി കളയരുത്'

അല്പജ്ഞരും അതിശയോക്തികളില്‍ അഭിരമിക്കുന്നവരും വാര്‍ത്താപ്രാധാന്യമുള്ള രസഗുളകള്‍ തേടുന്നവരുമായ മാനവ ഹൃദയങ്ങളില്‍ നിന്ന് ആ കുട്ടിക്ക് മുക്തിയുണ്ടാകട്ടെയെന്നും ഷൗക്കത്ത് പറയുന്നു

'അമാനുഷികത ആരോപിച്ചും ദൈവ- സ്വര്‍ഗ നരകങ്ങളുടെ തെളിവെടുപ്പിനായി ഉപയോഗിച്ചും ആ കുഞ്ഞിന്റെ ഭാവി കളയരുത്'
dot image

'സ്‌കൂളില്‍ പോകാതെ തന്നെ ഗ്രാവിറ്റേഷണല്‍ ഫിസിക്‌സില്‍ പ്രബന്ധം അവതരിപ്പിച്ച് ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പത്ത് ലക്ഷം രൂപ ഗ്രാന്റ് നേടിയ പതിമൂന്നുകാരന്‍' എന്ന വാര്‍ത്തയിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ വിദ്യാര്‍ത്ഥിയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഹേബല്‍ അന്‍വര്‍. സ്‌കൂളില്‍ പോകാതെ തന്നെ വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ അത്ഭുതബാലന്‍ എന്ന തരത്തിലാണ് ഹേബല്‍ അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്. നിരവധി മതസംഘടനങ്ങളും ഹേബല്‍ അന്‍വര്‍ എന്ന വിദ്യാര്‍ത്ഥിയെയും അദ്ദേഹം കരസ്ഥമാക്കിയതായി പറയപ്പെടുന്ന നേട്ടത്തെയും ആഘോഷിച്ച് രംഗത്ത് വന്നിരുന്നു.

എന്നാല്‍, അത്ഭുതവും അമാനുഷികതയും ആരോപിച്ച് ഹേബല്‍ എന്ന വിദ്യാര്‍ത്ഥിയെ ആഘോഷിക്കുന്നതിലെ വീഴ്ചകളെ തുറന്നുകാണിക്കുകയാണ് എഴുത്തുകാരനും ആത്മീയ ചിന്തകനുമായ ഷൗക്കത്ത്. ആ കുഞ്ഞിന്റെ ഭാവി അമാനുഷികത ആരോപിച്ചും ദൈവത്തിന്റെയും സ്വര്‍ഗ്ഗനരകങ്ങളുടെയും തെളിവെടുപ്പിനായി ഉപയോഗിച്ചും നഷ്ടപ്പെടുത്തി കളയരുതെന്ന് അപേക്ഷിക്കുന്നുവെന്നാണ് ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ഹേബല്‍ പഠിച്ചു വളരട്ടെ എന്നും അല്പജ്ഞരും അതിശയോക്തികളില്‍ അഭിരമിക്കുന്നവരും വാര്‍ത്താപ്രാധാന്യമുള്ള രസഗുളകള്‍ തേടുന്നവരുമായ മാനവ ഹൃദയങ്ങളില്‍ നിന്ന് ആ കുട്ടിക്ക് മുക്തിയുണ്ടാകട്ടെയെന്നും ഷൗക്കത്ത് പറയുന്നു.

ഷൗക്കത്ത് എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം:

പ്രതിഭ, വ്യുല്‍പ്പത്തി, അഭ്യാസം എന്നീ മൂന്നു കാര്യങ്ങള്‍ പറയും. ജന്മസിദ്ധമായ ചില അപൂര്‍വ്വ കഴിവുകള്‍ ഒരാളില്‍ പ്രകാശിക്കുന്നത് പ്രതിഭയാണ്. ഏതൊരു കഴിവാണോ പ്രകാശിക്കുന്നത് അതുമായി ബന്ധപ്പെട്ട് മനുഷ്യര്‍ നൂറ്റാണ്ടുകളായി അന്വേഷിച്ച് കണ്ടെത്തിയിട്ടുള്ള അറിവുകളെ അടുത്തറിയാനുള്ള ശ്രമമാണ് അങ്ങനെയുള്ള പ്രതിഭകള്‍ തുടര്‍ന്ന് ആര്‍ജ്ജിക്കേണ്ടത് (വ്യുല്‍പ്പത്തി). പിന്നെ, ആ വിഷയത്തില്‍ മുന്നോട്ടു പോകാനുള്ള നിരന്തര പരിശ്രമവും അത്യാവശ്യം (അഭ്യാസം). ഇതു മൂന്നും ചേര്‍ന്നാണ് ഒരു ജീനിയസ് സംഭവിക്കുന്നത്.

സ്വപ്നം കാണാന്‍ ആര്‍ക്കും കഴിയും. അത് ഭാവനയാണ്. പുഷ്പകവിമാനം, തലമാറ്റി വയ്ക്കല്‍(ഗണപതി) എന്ന പ്ലാസ്റ്റിക് സര്‍ജറി, ഏഴാം ആകാശത്തിലേക്ക് പ്രവാചകനെ വഹിച്ച് പോയ ബുറാക്ക്, കടലിനെ രണ്ടായി പിളര്‍ന്ന വടി തുടങ്ങി കുറേ ഭാവനകള്‍ നമുക്കുണ്ടായിട്ടുണ്ട്. അത്തരം ഭാവനകള്‍ മനുഷ്യ സഹജമാണ്.

മലമുകളില്‍ നില്‍ക്കുമ്പോഴെല്ലാം താഴ്വരയിലൂടെ പറക്കാന്‍ രണ്ടു ചിറകുകളുണ്ടായിരുന്നെങ്കില്‍ എന്ന് ഭാവന ചെയ്യാത്ത ഒരാള്‍ പോലുമുണ്ടാകാനിടയില്ല. സ്വപ്നത്തില്‍ അത് നാം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്‍ നൂറ്റാണ്ടുകളുടെ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ വിമാനവും റോക്കറ്റും കടല്‍ പാലവും ഒക്കെ അന്ന് നാം ഭാവന ചെയ്തതിന്റെ തുടര്‍ച്ചയായിരുന്നു എന്നു പറഞ്ഞാല്‍ ഭാഗികമായി അത് ശരി തന്നെയാണ്. എന്നാല്‍ ഇതെല്ലാം ആ പഴയ മനുഷ്യര്‍ യാഥാര്‍ഥ്യമാക്കിയതല്ല, സ്വപ്നം കണ്ടതുമാത്രമായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ മതവിരോധിയും ദേശദ്രോഹിയുമെല്ലാമായി മാറും.

പറഞ്ഞു വരുന്നത് മറ്റൊന്നാണ്. നല്ല ബുദ്ധിയും തെളിച്ചവും സ്വതന്ത്രമായ അന്വേഷണത്വരയുമുള്ള ഒരു വിദ്യാര്‍ത്ഥിയാണ് ഹേബല്‍ അന്‍വര്‍. ശാസ്ത്രവിദഗ്ദ്ധരുടെ ഗൈഡന്‍സ് കിട്ടിയാല്‍ ലോകത്തിന് പ്രയോജനകരമാകുന്ന രീതിയില്‍ രൂപപ്പെട്ടു വരാന്‍ സാദ്ധ്യതയുള്ള പ്രതിഭയുള്ള വ്യക്തി. ആ കുഞ്ഞിന്റെ ഭാവി അമാനുഷികത ആരോപിച്ചും ദൈവത്തിന്റെയും സ്വര്‍ഗ്ഗനരകങ്ങളുടെയും തെളിവെടുപ്പിനായി ഉപയോഗിച്ചും നഷ്ടപ്പെടുത്തി കളയരുതെന്ന് അപേക്ഷിക്കുന്നു.
അവന്‍ ഇനി പഠിച്ചു വളരട്ടെ. അല്പജ്ഞരും അതിശയോക്തികളില്‍ അഭിരമിക്കുന്നവരും വാര്‍ത്താപ്രാധാന്യമുള്ള രസഗുളകള്‍ തേടുന്നവരുമായ മാനവ ഹൃദയങ്ങളില്‍ നിന്ന് ആ കുട്ടിക്ക് മുക്തിയുണ്ടാകട്ടെ. വിവരോം വിദ്യാഭ്യാസവുമുള്ള ശാസ്ത്രലോകത്തിലെ പ്രതിഭകളുടെ ശിക്ഷണം ലഭിക്കാന്‍ ആ അന്വേഷകന് വഴി തെളിയട്ടെ.

Content Highlights: writer and thinker shoukath exposes the fallacies of celebrating habel anwar

dot image
To advertise here,contact us
dot image