

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതാണ്. എല്ലാത്തിനും മുകളില്‍ തന്ത്രിയാണല്ലോ. തന്ത്രിയും വീഴും എന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവെക്കണോ വേണ്ടയോ എന്നത് അദ്ദേഹവും പാര്‍ട്ടിയും ആണ് തീരുമാനിക്കേണ്ടത്. പൊതുസമൂഹത്തില്‍ രാഹുലിനുണ്ടായിരുന്ന പുണ്യാള പരിവേഷം അഴിഞ്ഞുവീണു. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം തനിക്കെതിരെ പരാതിയില്ലല്ലോ, കേസില്ലല്ലോ എന്നൊക്കെയാണ് രാഹുല്‍ പ്രതികരിച്ചത്. ഇനി എന്തുചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെ. അദ്ദേഹത്തെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
രാഹുലിനെ താങ്ങിയവരും പിന്തള്ളിയവരും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. ഇത് കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് കാരണമാക്കി. പ്രഗത്ഭനെന്ന് സ്വയം അഭിമാനിച്ചുനിന്ന, എല്ലാവരും വാനോളം പൊക്കിക്കൊണ്ടുനടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തകര്‍ന്നു തരിപ്പണം ആയി. ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും വെള്ളാപ്പള്ളി നടന്നാക്രമിച്ചു.
തെറ്റ് പറ്റിപ്പോയെന്നും പരിഹാരം ഉണ്ടാക്കാമെന്നും ആദ്യമേ പറഞ്ഞാല്‍ മതിയായിരുന്നല്ലോ. തെറ്റ് ചെയ്യാത്തവര്‍ ആരാണുള്ളത്. ഇന്ന് പുണ്യാളന്മാരായി നടക്കുന്ന പല രാഷ്ട്രീയക്കാരുടേയും പൂര്‍വ്വാശ്രമം പരിശോധിച്ചാല്‍ ഇതിനേക്കാള്‍ വലിയ മാങ്കൂട്ടത്തില്‍മാരായിരിക്കും. എന്നാലും ഇയാള്‍ ഒരുപാട് പുണ്യാളനാകാന്‍ ശ്രമിച്ചതാണ് രാഹുലിന്റെ പരമനാശത്തിനുള്ള കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Content Highlights: Vellappally Natesan says Rahul Mamkootathils image has been shattered