

നിർമാതാവ് ബാദുഷയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ. തന്നെ വിളിച്ചിട്ട് ARM സിനിമയ്ക്ക് 40 ദിവസം ഡേറ്റ് ചോദിച്ചിരുന്നുവെന്നും പിന്നീട് പണം വാങ്ങി തിരികെ തരാതിരുന്ന കാര്യം ഇടവേള ബാബുവിനോട് പറഞ്ഞതിന് ശേഷം പടത്തിന്റെ ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് പലരോടും നെഗറ്റീവ് കാര്യങ്ങൾ ബാദുഷ പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് റിപ്പോർട്ടറിനോട് പറഞ്ഞു.
'ബാദുഷ എന്നെ വിളിച്ചിട്ട് ARM സിനിമയ്ക്ക് 40 ദിവസം ചോദിച്ചു. പൈസ മേടിച്ച കാര്യം പറഞ്ഞ് ഇടവേള ബാബു ചേട്ടനോട് പറഞ്ഞതിന് ശേഷം പടത്തിന്റെ ഒരു വിവരവുമില്ല. ഒരു പരിപാടിയ്ക്കിടെ ടൊവിനോയെ കണ്ടു അപ്പോൾ അവൻ ചോദിച്ചു ചേട്ടാ അതെന്താ നമ്മുടെ പടത്തിൽ അഭിനയിക്കാൻ വരാതിരുന്നത് എന്ന് ചോദിച്ചു. അപ്പോഴാണ് കാര്യങ്ങൾ ഞാൻ അറിയുന്നത് എനിക്ക് ഡേറ്റ് ഇല്ലെന്നാണ് അവരോട് പറഞ്ഞിരിക്കുന്നതെന്നും എന്നെ വിളിച്ചിട്ട് മറുപടിയില്ലെന്ന് പലരോടും എന്നെപ്പറ്റി നെഗറ്റീവ് അയാൾ പറഞ്ഞിട്ടുണ്ട്'.
'അമ്മ സംഘടനയിൽ നിന്ന് ജോയ് മാത്യു, കുക്കു പരമേശ്വരൻ ഒക്കെ വിളിച്ചു എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളാണ് പറഞ്ഞിട്ടുണ്ട്. സിനിമ ഇല്ലെങ്കിലും നമ്മൾ പ്രോഗ്രാം ഒക്കെ ആയി പോകും. പല സിനിമയിലും പത്ത് ദിവസം ചോദിക്കും പിന്നീട് വിളിക്കില്ല, ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ അവർ എടുക്കാറുമില്ല. ഇതോട് കൂടി എന്റെ അന്ത്യം ആയിരിക്കുമെന്ന് പറഞ്ഞ് ബാദുഷ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എറണാകുളത്ത് പോയാൽ എന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് കുടുംബത്തിന്. ബാദുഷ റേച്ചൽ എന്ന പടത്തിന്റെ റിലീസിന് ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്താണെന്ന് ആർക്കറിയാം…എന്റെ കയ്യിൽ നിന്ന് മേടിച്ച പൈസ അല്ലെ അത് വേണം', ഹരീഷ് കണാരൻ പറഞ്ഞു.
കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റിനിർത്താൻ ഇടപെടുന്നതെന്ന് നേരത്തെ ഹരീഷ് കണാരൻ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. ബാദുഷയാണ് ആ നിർമാതാവെന്ന് ഹരീഷ് ഇപ്പോഴാണ് വെളിപ്പെടുത്തിയത്. അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു.
Content Highlights: Hareesh Kanaran on Badusha and the money borrow issues