

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഫലം ഉണ്ടാകും. കോണ്‍ഗ്രസിന്റെ പരാജയം ബിജെപിയുടെ വിജയനത്തിലല്ല മറിച്ച് എല്‍ഡിഎഫിന്റെ വിജയത്തിനാണ് വഴിവെയ്ക്കുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ അടക്കം എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാകും. കോണ്‍ഗ്രസിന്റെ ഒരു കൈ വെല്‍ഫെയര്‍ പാര്‍ട്ടി വഴി ന്യൂനപക്ഷ വര്‍ഗീയതയുടെ തോളിലാണ്. എല്‍ഡിഎഫിന് നിയമസഭയിലേക്കുള്ള വഴികാട്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്.അപൂര്‍വം ഇടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫില്‍ ചേരാതെ സിപിഐ മത്സരിക്കുന്നത്. പാര്‍ട്ടിയുടെ അംഗീകാരത്തോടെ ആണ് ആ മത്സരം നടക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെയ്ക്കണം എന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വമേധയാ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടി രാജി ചോദിക്കണം. കോണ്‍ഗ്രസ് അത് ചെയ്യുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ് ചതുര്‍മുഖം ഉള്ള പാര്‍ട്ടിയാണ്. അഭിപ്രായ വ്യത്യാസത്തിന്റെ കൂമ്പാരമാണ് കോണ്‍ഗ്രസ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം സ്ത്രീത്വത്തെ വെല്ലുവിളിക്കുന്നതാണ്. പരാതി വൈകിയെന്നതുകൊണ്ട് കുറ്റം കുറ്റമാവാതാകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതിജീവിതയെ അപമാനിച്ച ശ്രീലേഖ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഡിഗ്രികള്‍ ഉണ്ടായിട്ട് കാര്യമില്ല. തിരിച്ചറിവ് വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: Binoy Vishwam against Sreelekha for insulting the complainant