'പരസ്പരം മനസ്സിലാക്കി ഒന്നിച്ചുനീങ്ങുന്നവര്‍'; ജമാഅത്ത്- ആർഎസ്എസ് ബന്ധം തുറന്നുകാട്ടി ഹുസൈന്‍ രണ്ടത്താണി

അടിയന്തരാവസ്ഥയ്ക്ക് ശേഷവും എങ്ങനെയും ആര്‍എസ്എസുമായി യോജിച്ചു നില്‍ക്കുക എന്ന നയമാണ് ജമാഅത്ത് തുടര്‍ന്നു പോന്നതെന്നും പാക്കിസ്ഥാന്‍ ഇസ്ലാം രാജ്യം ആവുകയാണെങ്കില്‍ ഇന്ത്യ ഹിന്ദു രാജ്യമാകുന്നതിനെ വിമര്‍ശിക്കേണ്ടതില്ല എന്ന് ജമാഅത്ത് നേതാവ് പ്രസ്താവിച്ചിരുന്നുവെന്നും ഹുസൈന്‍ രണ്ടത്താണി പറയുന്നു.

'പരസ്പരം മനസ്സിലാക്കി ഒന്നിച്ചുനീങ്ങുന്നവര്‍'; ജമാഅത്ത്- ആർഎസ്എസ് ബന്ധം തുറന്നുകാട്ടി ഹുസൈന്‍ രണ്ടത്താണി
dot image

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള സാമ്യതകളും ഇരുകൂട്ടരും തമ്മിലുള്ള ബന്ധവും തുറന്നുകാട്ടി എഴുത്തുകാരനും അധ്യാപകനുമായ ഹുസൈന്‍ രണ്ടത്താണി. വിവിധ ഘട്ടങ്ങളില്‍ ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചകളുടെ വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി എഴുതിയ ഫേസ്ബുക് പോസ്റ്റിലാണ് ഇരു കൂട്ടരും തമ്മിലുള്ള പരസ്പര ധാരണകളുടെ വിശദാംശങ്ങള്‍ ഹുസൈന്‍ രണ്ടത്താണി വിവരിച്ചിരിക്കുന്നത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷവും എങ്ങനെയും ആര്‍എസ്എസുമായി യോജിച്ചു നില്‍ക്കുക എന്ന നയമാണ് ജമാഅത്ത് തുടര്‍ന്നു പോന്നതെന്നും പാക്കിസ്ഥാന്‍ ഇസ്ലാം രാജ്യം ആവുകയാണെങ്കില്‍ ഇന്ത്യ ഹിന്ദു രാജ്യമാകുന്നതിനെ വിമര്‍ശിക്കേണ്ടതില്ല എന്ന് ജമാഅത്ത് നേതാവ് പ്രസ്താവിച്ചിരുന്നുവെന്നും ഹുസൈന്‍ രണ്ടത്താണി പറയുന്നു. ''ആര്‍എസ്എസിന് നേരിട്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനാകാത്തതിനാലാണ് ബിജെപിയെ പടച്ചത്. ഇതുപോലെ ജമാഅത്തിന് നേരിട്ട് രാഷ്ട്രീയത്തില്‍ ചേരാന്‍ കഴിയാത്തതുകൊണ്ട് അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഗോദയിലിറക്കി. അനുകൂലമായ അവസരം കിട്ടുമ്പോള്‍ മതരാഷ്ട്രം നിര്‍മിക്കാന്‍ എന്തുവിലകൊടുത്തും ചാടി വീഴാനാണ് രണ്ടു കൂട്ടരുടെയും പദ്ധതി'', ഹുസൈന്‍ രണ്ടത്താണി വിശദീകരിക്കുന്നു.

ഹുസൈന്‍ രണ്ടത്താണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജമാഅത്തെ ഇസ്ലാമി പലതവണ ആര്‍എസ്എസുമായി ബന്ധപ്പെടുകയും പരസ്പരം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. അടിയന്തരാവസ്ഥക്കാലത്ത് രണ്ട് പാര്‍ട്ടികളും ഒന്നിച്ചു. ജയിലില്‍ കഴിയേണ്ടി വന്നപ്പോള്‍ രണ്ടു കൂട്ടരും പരസ്പരം മനസ്സിലാക്കിയത്രേ. അങ്ങനെ ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചു. പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാറിയെന്ന് രണ്ടു കൂട്ടരും പറയുകയും ചെയ്തു. ആര്‍എസ്എസിന്റെ നിലപാടുകളോട് മൃദു സമീപനം സ്വീകരിക്കാന്‍ ജമാഅത്ത് അന്ന് തന്നെ തയ്യാറായി. പ്രതിപക്ഷ പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ രഹസ്യമായി ധാരണയും ഉണ്ടാക്കി.

മുസ്ലിം ലീഗും ഇന്ത്യയിലെ മറ്റു മത സംഘടനകളും ശരിയായ മുസ്ലിങ്ങള്‍ അല്ല എന്നു പറഞ്ഞുകൊണ്ടാണ് ജമാഅത്ത് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് ജമാഅത്തിനെ ആരും തൊടാന്‍ വരാഞ്ഞതും ജമാഅത്ത് ആരെയും തൊടാതിരുന്നതും. അടിയന്തരാവസ്ഥയ്ക്ക് ശേഷവും എങ്ങനെയും ആര്‍എസ്എസുമായി യോജിച്ചു നില്‍ക്കുക എന്ന നയമാണ് ജമാഅത്ത് തുടര്‍ന്നു പോന്നത്. പാക്കിസ്ഥാന്‍ ഇസ്ലാം രാജ്യം ആവുകയാണെങ്കില്‍ ഇന്ത്യ ഹിന്ദു രാജ്യമാകുന്നതിനെ വിമര്‍ശിക്കേണ്ടതില്ല എന്ന് ജമാഅത്ത് നേതാവ് പ്രസ്താവിച്ചിരുന്നു. ഇപ്രകാരമുള്ള ഒരു അഡ്ജസ്റ്റ്‌മെന്റാണ് രണ്ടു കൂട്ടരും സ്വീകരിച്ചത്. ആര്‍എസ്എസിന് നേരിട്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനാകാത്തതിനാലാണ് ബിജെപിയെ പടച്ചത്. ഇതുപോലെ ജമാഅത്തിന് നേരിട്ട് രാഷ്ട്രീയത്തില്‍ ചേരാന്‍ കഴിയാത്തതുകൊണ്ട് അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഗോദയിലിറക്കി. അനുകൂലമായ അവസരം കിട്ടുമ്പോള്‍ മതരാഷ്ട്രം നിര്‍മിക്കാന്‍ എന്തുവിലകൊടുത്തും ചാടി വീഴാനാണ് രണ്ടു കൂട്ടരുടെയും പദ്ധതി.

sadiq ali shihab thangal
സാദിഖ് അലി ശിഹാബ് തങ്ങൾ

2023 ജനുവരി 14-ന് ന്യൂഡല്‍ഹിയില്‍ വെച്ച് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടന എന്ന നിലയിലാണ് തങ്ങള്‍ ചര്‍ച്ച നടത്തിയതെന്നാണ് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് അലി ഇതേക്കുറിച്ച് പ്രതികരിച്ചത്. 2022 ഓഗസ്റ്റില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ജമാഅത്ത് പക്ഷക്കാരായ നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് പുതിയ ചര്‍ച്ച. എല്ലാ മത സംഘടനകളും മതേതര സംഘടനകളും ആര്‍എസ്എസുമായുള്ള ജമാഅത്തിന്റെ ബന്ധത്തെ നിശിതമായി വിമര്‍ശിച്ചു. മൗദൂദി സാഹിബ് ഇല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല. മൗദൂദി സാഹിബിനെ ഒഴിവാക്കി ജമാഅത്തിന് മുന്നോട്ടുപോകാനും ആവില്ല. മതേതരത്വത്തിനെതിരെ ഇസ്ലാം ഭരണം സ്ഥാപിക്കാന്‍ പൊരുതുന്നില്ല എങ്കില്‍ ആ രാജ്യത്ത് ശ്വാസം വലിക്കുന്നത് പോലും മുസ്ലിമിന് ഹറാമാണ് എന്ന് പ്രഖ്യാപിച്ചവരാണ് ജമാഅത്തുകാര്‍. (ജമാഅത് ഇസ്ലാമി പര്‍ ഇത്സാമത് കാ ജായിസ, 18).

പാക്കിസ്ഥാന്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ മൗദൂദി സാഹിബ് അവിടെ താമസമാക്കുകയും ഇന്ത്യയെ ദൈവനിഷേധത്തിന്റെ നാടെന്നു മുദ്ര കുത്തുകയും ചെയ്തതാണ്. പാക്കിസ്ഥാനില്‍ ഉള്ളവര്‍ ഇന്ത്യയിലുള്ളവരെ വിവാഹം ചെയ്യരുത് എന്ന് വരെ അദ്ദേഹം പ്രസ്താവിച്ചു കളഞ്ഞു. ഇന്ത്യയില്‍ ഹിന്ദു രാജ്യം വന്നാലും വേണ്ടില്ല മതനിരപേക്ഷതയെയും ജനാധിപത്യത്തെയും എല്ലാവിധേനയും എതിര്‍ക്കണമെന്നാണ് മൗദൂദി ആവശ്യപ്പെട്ടത്. അല്‍ ജിഹാദ് ഫില്‍ ഇസ്ലാമി എന്ന കൃതി വായിച്ചാല്‍ ജമാഅത്ത് ഇസ്ലാമിയെ നാല് അയലത്ത് പോലും അടുപ്പിക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കാവില്ല.

ദേശീയത, സെക്കുലറിസം ജനാധിപത്യം എന്നീ മൂന്ന് സിദ്ധാന്തങ്ങളും അബദ്ധ ജഡിലങ്ങളാണത്രേ. മാത്രമല്ല; അവ മനുഷ്യന് അടിമപ്പെട്ടു പോയിട്ടുള്ള സകല ദുരിതങ്ങളുടെയും നിരാശങ്ങളുടെയും നാരായ വേരുമാണ്.

ജമാഅത്തുമായി കൂട്ടുകൂടാന്‍ കൊതിക്കുന്ന ലീഗ് നേതൃത്വം ചന്ദ്രിക ബ്യൂറോ ചീഫായിരുന്ന സിപി സൈതലവി എഴുതിയ 'ജമാഅത്ത് ഇസ്ലാമി ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്' എന്ന കൃതി വായിക്കുന്നത് നന്നായിരിക്കും. ഈ പുസ്തകം ആദ്യം ചന്ദ്രികയില്‍ ഖണ്ഡശയായി പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. ജമാഅത്തെ ഇസ്ലാമിയുമായി ഒരു ലീഗുകാരന്‍ എന്തുകൊണ്ട് കൂടാന്‍ പാടില്ല എന്ന് ഈ കൃതി വിശകലനം ചെയ്യുന്നുണ്ട്.

ജമാഅത്തുമായി കൂട്ടുകൂടുക വഴി മുസ്ലിം ലീഗ് അതിന്റെ മതനിരപേക്ഷത ഇല്ലാതാക്കുകയാണ്. എല്ലാ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടും അധികാരക്കൊതി മൂലം ഈ സംബന്ധവുമായി മുന്നോട്ടു പോകാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കാക്കക്കൂട്ടില്‍ കുയില്‍ എന്ന പോലെ ലീഗിന്റെ കുഞ്ചികസ്ഥാനങ്ങളില്‍ ജമാഅത്തിന്റെ ആളുകള്‍ കടന്നു കൂടുക മാത്രമല്ല; ലീഗിന്റെ നയങ്ങള്‍ തന്നെ ജമാഅത്തിന്റെ ആശയങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുകയും ചെയ്യും. അങ്ങനെ മുസ്ലിം ലീഗിനെ ജമാഅത്ത് ഇസ്ലാമി ആവാഹിക്കും. അതിനുള്ള കൂടോത്രങ്ങള്‍ ജമാഅത്തിന്റെ കയ്യിലുണ്ട്.

അധികാരക്കൊതിയുടെ മായാവലയില്‍പ്പെട്ട് ലീഗ്, ജമാഅത്ത് ഒരുക്കിയ കഴു മരത്തില്‍ സ്വയം കഴുവേറും. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. എല്ലാ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി ഈ അവിശുദ്ധ കൂട്ടുകെട്ടിനെ എതിര്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഒരു പുനര്‍ ചിന്തനം ആയിക്കൂടാ.

ആര്‍എസ്എസിനെതിരെ പോരാടി ഏറ്റവും കൂടുതല്‍ പേര്‍ രക്തസാക്ഷിത്വം വരിച്ച സിപിഎമ്മില്‍ ആര്‍എസ്എസ് ബന്ധം തിരയുന്ന ജമാഅത്തുകാര്‍ മന്ത് സ്വന്തം കാലിലാണെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും.

Content Highlights: Hussain Randathani about the Jamaat-RSS ties

dot image
To advertise here,contact us
dot image