

കൊച്ചി: ലോകത്ത് സന്മനസുളളവർ ഇനിയും ബാക്കിയുണ്ടെന്ന പ്രതീക്ഷ നൽകുന്ന സന്ദേശം സമൂഹത്തിന് തന്റെ പ്രവർത്തിയിലൂടെ കാണിച്ചുകൊടുത്തിരിക്കുകയാണ് കൊച്ചി വരാപ്പുഴ സ്വദേശി ജോൺ മാത്യു മുക്കം. ഒരിക്കലും കാണുകയോ സംസാരിക്കുകയോ പോലും ചെയ്യാത്ത പ്രായം ചെന്നവരെ പോലും ഡിജിറ്റൽ അറസ്റ്റിലിരുത്തുന്ന ഒരു കാലഘട്ടത്തിൽ കൈയ്യിൽ കിട്ടിയ നാലരലക്ഷത്തോളം രൂപ വിലവരുന്ന സ്വർണവും ഒപ്പമുണ്ടായിരുന്ന മറ്റ് രേഖകളും ഉടമയെ ഏൽപ്പിക്കുമ്പോൾ മനസ് കൊണ്ട് അദ്ദേഹത്തിനൊരു സല്യൂട്ട് നൽകിയെന്ന് പറയുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറവൂർ ആലങ്ങാട് സ്റ്റേഷനിലെ എഎസ്‌ഐ ജെനീഷ് ചേരാമ്പിള്ളി.
പതിവുപോലെ സ്റ്റേഷനിലെത്തിയപ്പോൾ വന്ന ഒരു ഫോൺകോൾ അറ്റന്റ് ചെയ്തതാണ് ജെനീഷ്. മറുതലയ്ക്കലിൽ വരാപ്പുഴയിലെ ഒരു സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് ജോൺ മാത്യു മുക്കമായിരുന്നു. ഒരു പേഴ്‌സ് കിട്ടിയിട്ടുണ്ടെന്നും അതില്‍ കുറച്ച് സ്വർണവും ഒരു ചെക്കുബുക്കും ഉണ്ടെന്ന് പറഞ്ഞു. അടിയന്തരമായി ഒരിടം വരെ പോവുകയാണ്, അരമണിക്കൂറിനുളളിൽ സ്റ്റേഷനിലെത്താമെന്നും അറിയിച്ചു. ആരെങ്കിലും പേഴ്സ് തിരക്കി സ്റ്റേഷനിൽ വന്നാൽ താൻ സ്റ്റേഷനിലെത്തുമെന്ന് അറിയിക്കണമെന്ന് പറഞ്ഞ് ഒരു നമ്പരും നൽകിയ ശേഷമാണ് അദ്ദേഹം ഫോൺ വച്ചത്. ഇതെന്ത് മനുഷ്യന്‍ എന്ന് ചിന്തിച്ചാണ് അയാള്‍ പറഞ്ഞ വിവരങ്ങള്‍ എഴുതിയെടുത്തതെന്നും ജെനീഷ് പറയുന്നുണ്ട്.
അൽപനേരം കഴിഞ്ഞ് പരിഭ്രാന്തരായി രണ്ട് ദമ്പതികൾ പൊലീസ് സ്റ്റേഷനിലെത്തി. പേഴ്‌സ് നഷ്ടപ്പെട്ട ആ സ്ത്രീക്ക് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ബാങ്കിൽ പോയി മടങ്ങുമ്പോൾ സ്‌കൂട്ടറിൽ നിന്നും കവർ കീറി പേഴ്‌സ് റോഡിലെവിടെയോ പോയി. കുറച്ച് സ്വർണാഭരണങ്ങളും ചെക്ക് ബുക്കും അതിലുണ്ടായിരുന്നുവെന്ന് സ്ത്രീയുടെ ഭർത്താവ് പറഞ്ഞു. അപ്പോൾ നല്ലവനായ ഒരു മനുഷ്യന്റെ കൈയിൽ അത് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എത്രയും വേഗം സ്റ്റേഷനിലെത്തുമെന്നും താൻ അവരോട് പറഞ്ഞതും ജെനീഷ് വിവരിക്കുന്നു. പിന്നാലെ നേരത്തെ കുറിച്ച് വച്ച നമ്പറിലേക്ക് വിളിച്ചപ്പോൾ തന്നെ ഫോണെടുത്തു. ഒടുവിൽ പേഴ്‌സുമായി സ്റ്റേഷനിലെത്തിയ ജോൺ അത് ഉടമസ്ഥയ്ക്ക് തിരികെ നൽകി. തട്ടിപ്പും വെട്ടിപ്പും തുടർക്കഥയാവുന്ന ഒരു കാലഘട്ടത്തിൽ വഴിയിൽ വീണ് കിടക്കുന്ന ഒരു അഞ്ച് രൂപ തുട്ടിൽ പോലും യഥാർത്ഥ ഉടമയുടെ കണ്ണീർ പറ്റിയിട്ടുണ്ടാകുമെന്ന് ചിന്തിക്കുന്ന സമൂഹത്തിന് മാതൃകയായി പ്രവർത്തിച്ച ജോയ് മാത്യുവിന് ബിഗ് സല്യൂട്ട് നൽകുകയാണ് എഎസ്‌ഐ ജെനീഷ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
കഴിഞ്ഞ ദിവസം ഉച്ച സമയത്ത് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വരുകയാണ്…. സാറേ … ഞാൻ SNDP ജംഗ്ഷന് അടുത്ത് നിന്നാണ് വിളിക്കുന്നത്. എനിക്ക് ഈ വഴിയിൽ കിടന്ന് ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്. ഒരു ചെക്ക് ബുക്കും 2-3 ഗോൾഡ് ഓർണമെന്റ്സും ഉണ്ട്. ഞാൻ വളരെ urgent ആയി ഒരിടത്ത് പോയി കൊണ്ടിരിക്കുകയാണ്. അര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തിക്കോളാം….. എന്റെ പേര് ജോൺ എന്നാണ് ചിറക്കകത്താണ് വീട്… എന്റെ നമ്പർ ഇതാണ്… ആരെങ്കിലും പേഴ്സ് തിരക്കി വന്നാൽ ഉടൻ ഞാൻ സ്റ്റേഷനിൽ എത്തിക്കോളാം…അർജന്റ് ആയത് കൊണ്ടാണ് പോകുന്നത്. ഇതെന്ത് മനുഷ്യനാണ് എന്ന് ചിന്തിച്ച് വേഗം ആ ഡീറ്റൈൽസ് നോട്ട് ചെയ്ത് വെച്ചു… കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു കപ്പിൾസ് സ്റ്റേഷനിലേക്ക് വന്നു… അതിൽ ലേഡി സംസാരിക്കാൻ പോലുമാകാതെ വല്ലാതെ ടെൻഷൻ ആയാണ് ഇരിക്കുന്നത്.
കാര്യം തിരക്കിയപ്പോൾ ഭർത്താവ് ആണ് പറഞ്ഞത്… ഇതെന്റെ വൈഫ് ആണ്… അവൾ ബാങ്കിൽ പോയി വരുന്ന വഴി സ്കൂട്ടറിൽ നിന്നും കവർ കീറി അവളുടെ പേഴ്സ് റോഡിൽ എവിടെയോ പോയി… എന്നെ ജോലി സ്ഥലത്ത് നിന്നും വിളിച്ച് വരുത്തിയതാണ്. പലയിടത്തും നോക്കിയിട്ട് കിട്ടിയില്ല.. കുറച്ച് ഗോൾഡ് ഒർണമെന്റ്സും ചെക്ക് ബുക്കും ഉണ്ടായിരുന്നു… അവളാകെ ടെൻഷനിൽ ആണ് സാറെ .നിങ്ങൾ ടെൻഷൻ അടിക്കണ്ട….അത് ഒരു നല്ല മനുഷ്യന്റെ കയ്യിൽ ആണ് കിട്ടിയത്. അയാളെ ഞാൻ വിളിക്കാം.. ആ പേഴ്സുമായി ആൾ വരും . ആ മറുപടി കേട്ടതോടെ രണ്ട് പേരും ഞെട്ടിപ്പോയി. പെട്ടെന്ന് തന്നെ അവരുടെ അത്ര നേരത്തെ ആ സങ്കട മുഖഭാവം സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിയ ഭാവമായി മാറി. വേഗം തന്നെ ആൾ പറഞ്ഞ നമ്പറിലേക്ക് വിളിച്ചു..നമ്പർ എങ്ങാനും മാറിയോ എന്ന് ഉള്ളിൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും 1st ബെല്ലിൽ തന്നെ ആൾ എടുത്തതോടെ അത് മാറി. വിവരം പറഞ്ഞതോടെ ആൾ പെട്ടെന്ന് തന്നെ എത്താം എന്നറിയിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആൾ എത്തി.
പേഴ്സിലുണ്ടായിരുന്ന നാലര പവനോളം തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തിയ ശേഷം ചെക്ക് ബുക്കും സ്വർണ്ണം ഉൾപ്പെടെ പേഴ്സും കൈമാറി ആ നല്ല മനുഷ്യനെ കൊണ്ട് അവർക്ക് കൈമാറി തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത ഒത്തിരി പരാതികൾ ദിവസവും സ്റ്റേഷനിൽ വരുന്നത് കാണാറുള്ള ഞാൻ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ആരുടെയോ കയ്യിൽ നിന്നും നഷ്ടപ്പെട്ട ഏകദേശം നാലര ലക്ഷം രൂപ വരുന്ന ആ മുതൽ അതിന്റെ യഥാർത്ഥ ഉടമസ്ഥനിലേക്ക് തന്നെ കിട്ടാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത ആ നല്ല മനുഷ്യന് മനസ്സ് കൊണ്ട് ഒരു സല്യൂട്ട് നൽകി ആ പേഴ്സ് കൈമാറിയപ്പോൾ ഞാനും സാക്ഷിയായി. വഴിയിൽ വീണ് കിടക്കുന്നത് ഒരു 5 രൂപ തുട്ട് ആണെങ്കിൽ പോലും അതിനു മുകളിലും അതിന്റെ യഥാർത്ഥ ഉടമയുടെ കണ്ണ്നീർ പറ്റിയിട്ടുണ്ടാകും എന്ന് ചിന്തിക്കുന്ന സമൂഹത്തിന് മാതൃകയായ പ്രവർത്തി ചെയ്ത വരാപ്പുഴ മേഖലയിലെ സന്നദ്ധ സംഘടനയായ ആക്ട്സിന്റെ പ്രസിഡന്റ് കൂടിയായ ജോൺ മാത്യു മുക്കത്തിന് ഒരു ബിഗ് സല്യൂട്ട്.
Content Highlights: Man set an example by handing over lost purse to owner which have gold worth 4 lakhs