മലപ്പുറത്ത് അനുജന് വേണ്ടി മധ്യസ്ഥം നിന്ന ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം; ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തിയ 25 ഓളം പേരുടെ സംഘമാണ് ഹാനിഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്

മലപ്പുറത്ത് അനുജന് വേണ്ടി മധ്യസ്ഥം നിന്ന ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം; ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍
dot image

മലപ്പുറം: കോട്ടയ്ക്കലില്‍ അനുജന് വേണ്ടി മധ്യസ്ഥം നിന്ന ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തിയ 25 ഓളം പേരുടെ സംഘമാണ് ഹാനിഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്പ് വടികളും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്‌കോര്‍പിയോ കാര്‍ ഹാനിഷിന്റെ ശരീരത്തിലൂടെ അക്രമികള്‍ കയറ്റി ഇറക്കി. ആക്രമണത്തില്‍ ഹാനിഷിന്റെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മര്‍ദ്ദനമേറ്റ ഹാനിഷിന്റെ സഹോദരന്‍ ദര്‍വീഷുമായുണ്ടായ വാക്കുതര്‍ക്കമാണ് ഇത്തരമൊരു ആക്രമണത്തില്‍ കലാശിച്ചത്. ഹാനിഷിന്റെ സഹോദരന്‍ ദര്‍വീഷ് കോളേജ് വിട്ട് വരുമ്പോഴായിരുന്നു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അക്രമി സംഘവുമായി തര്‍ക്കം ഉണ്ടായത്. പിന്നീട് പ്രതികള്‍ വാഹനങ്ങളുമായി വന്ന് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. കൂടാതെ സിഗരറ്റ് കുറ്റി ദര്‍വീഷ് സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് എറിയുകയും ചെയ്തു.

പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ട ദര്‍വീഷ് ഉടന്‍ ജേഷ്ഠന്‍ ഹാനിഷിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഹാനിഷ് പുത്തൂരില്‍ എത്തി ഇവരുമായി സംസാരിച്ചു. എന്നാല്‍ സംസാരിക്കാന്‍ തയ്യാറാകാതെ വാഹനം എടുത്തു പോയ പ്രതികള്‍ 25 ഓളം പേരുള്ള സംഘമായി വന്ന് ഹാനിഷിനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഹാനിഷിന്റെ നില ഗുരുതരമായി തുടരുന്നു. കേസില്‍ വധശ്രമമുള്‍പ്പെടെ ഉള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് ആറ് പേരെ കസ്റ്റടിയിലെടുത്തു. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: Mob attack against a man in Kottakal malappuram district

dot image
To advertise here,contact us
dot image