ഏറ്റെടുക്കാൻ ആളില്ല; ISL ഇത്തവണയില്ല?

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കൂടുതല്‍ അനിശ്ചിതത്വത്തില്‍

ഏറ്റെടുക്കാൻ ആളില്ല; ISL ഇത്തവണയില്ല?
dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കൂടുതല്‍ അനിശ്ചിതത്വത്തില്‍. പന്ത്രണ്ടാം സീസണിന്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിളിച്ച ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പുതിയ സീസണ്‍ ഡിസംബറില്‍ നടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ടെന്‍ഡറില്‍ ആരും അപേക്ഷ നല്‍കാത്തതിനാല്‍ ലീഗ് ഇത്തവണ നടക്കാനുള്ള സാധ്യത മങ്ങി.

സംപ്രേഷണവും സ്‌പോണ്‍സര്‍ഷിപ്പും ഉള്‍പ്പെടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട എല്ലാ വാണിജ്യ അവകാശങ്ങളും കൈകാര്യം ചെയ്യുന്നതിനാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്താനായി ടെന്‍ഡര്‍ ക്ഷണിച്ചത്. ഇത് പ്രകാരം ഒക്ടോബര്‍ 16ന് റിക്വസ്റ്റ് പോര്‍ പ്രൊപ്പോസല്‍ (RFP) പുറത്തിറക്കി.

250 കോടിയെങ്കിലും ആസ്തിയുള്ള കമ്പനികള്‍ക്ക് മാത്രമേ ലേലത്തിന് യോഗ്യതയുണ്ടായിരുന്നുള്ളു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡേറഷന് നല്‍കേണ്ട വാര്‍ഷിക തുക 37.5 കോടിയും. പഴയ കരാര്‍ പ്രകാരം 50 കോടിയായിരുന്നു ഗ്യാരണ്ടി. എന്നാല്‍ ഇതില്‍ നിന്ന് 12.5 കോടി കുറച്ചിട്ടും ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പ്രാരംഭ ഘട്ടത്തില്‍ നാല് കമ്പനികള്‍ ബിഡ് ഏറ്റെടുക്കാന്‍ താത്പര്യം കാണിച്ചിരുന്നു. AIFFമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ എല്ലാവരും അന്തിമ ബിഡ് സമര്‍പ്പിക്കാതെ പിന്മാറി.

റിലയന്‍സിനും സ്റ്റാറിനും പങ്കാളിത്തമുണ്ടായിരുന്ന ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (FSDL) ആയിരുന്നു നേരത്തെ ഐഎസ്എല്ലിന്റെ സംഘാടകര്‍. പത്ത് വര്‍ഷത്തിലേറെ നീണ്ട കരാര്‍ (മാസ്റ്റര്‍ റൈറ്റ് എഗ്രീമെന്റ്) ഈ വരുന്ന ഡിസംബറോടെ അവസാനിക്കും. എന്നാല്‍ എഫ്എസ്ഡിഎല്ലുമായുള്ള കരാര്‍ പുതുക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാകാതെ വന്നതോടെയാണ് പ്രതിസന്ധികള്‍ ആരംഭിച്ചത്.

അപേക്ഷ നല്‍കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ ഭാവി നടപടികള്‍ കൈകാര്യം ചെയ്യാന്‍ ഇവാല്യുവേഷന്‍ കമ്മിറ്റി ഉടന്‍ യോഗം ചേരുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. പന്ത്രണ്ടാം സീസണ്‍ അനിശ്ചിതമായി നീണ്ടതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളും വന്‍ പ്രതിസന്ധിയിലാണ്. നേരത്തെ താരങ്ങളുടേത് ഉള്‍പ്പെടെ പ്രതിഫലവും മറ്റും കുറക്കാന്‍ ക്ലബുകള്‍ നിര്‍ബന്ധിതരായിരുന്നു.

Content Highlights: No Bids For ISL Commercial Rights

dot image
To advertise here,contact us
dot image