

ബോഡിഷെയ്മിങ് ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ക്കെതിരേ പ്രതികരിച്ച തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഗൗരി ജി കിഷന്‍. വിഷമകരമായ ഒരു സാഹചര്യത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അത് ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേര്‍ക്ക് വേണ്ടിയായിരുന്നു എന്നും ഗൗരി സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്നോട് ചോദിച്ച അതേ ചോദ്യം ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ചിന്തിച്ചുപോവുകയാണെന്നും ഗൗരി കൂട്ടിച്ചേർത്തു.
ഗൗരിയുടെ പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, ഞാനും ഒരു യൂട്യൂബ് വ്‌ളോഗറും തമ്മില്‍ അപ്രതീക്ഷിതമായി സംഘര്‍ഷഭരിതമായ ഒരു സംഭാഷണമുണ്ടായി. ഇതിന് പിന്നിലെ വിശാലമായ പ്രശ്‌നത്തെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍, സൂക്ഷ്മപരിശോധന എന്റെ തൊഴിലിന്റെ ഭാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും, ഒരു വ്യക്തിയുടെ ശരീരത്തേയോ രൂപത്തേയോ ലക്ഷ്യംവെച്ചുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും ഏത് സാഹചര്യത്തിലും അനുചിതമാണ്. അവിടെ എന്റെ ജോലിയായ, ആ സിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ഞാന്‍ ചിന്തിച്ചുപോവുകയാണ്.
വിഷമകരമായ ഒരു സാഹചര്യത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അത് എനിക്ക് മാത്രമല്ല, ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേര്‍ക്ക് വേണ്ടിയായിരുന്നു. യാഥാര്‍ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തി, തമാശരൂപേണ ശരീരത്തെ അപമാനിക്കുന്നത് ഇന്ന് സാധാരണമാകുന്നു. ഇത്തരത്തില്‍ അനുഭവിച്ചിട്ടുള്ള ഏതൊരാള്‍ക്കും, നമുക്ക് പ്രതികരിക്കാന്‍ അനുവാദമുണ്ടെന്ന ഒരു ഓര്‍മപ്പെടുത്തലായി ഇത് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാനും, തെറ്റ് സംഭവിക്കുമ്പോള്‍ ചോദ്യം ചെയ്യാനും, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാന്‍ ശ്രമിക്കാനും നമുക്ക് അവകാശമുണ്ട്.
ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഇത് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെ ലക്ഷ്യംവെക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമല്ല. മറിച്ച്, കൂടുതല്‍ സഹാനുഭൂതിയോടും വിവേകത്തോടും പരസ്പര ബഹുമാനത്തോടുംകൂടി മുന്നോട്ട് പോകാന്‍ ഉപയോഗിക്കാം.
എനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ചെന്നൈ പ്രസ് ക്ലബ്, മലയാളത്തിലെ താരസംഘടനയായ അമ്മ, സൗത്ത് ഇന്ത്യ നടികര്‍ സംഘം എന്നിവരുടെ പ്രസ്താവനകള്‍ക്ക് നന്ദി. പത്ര- മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. എന്നെ ബന്ധപ്പെടുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത സിനിമ വ്യവസായത്തിലെ എല്ലാവര്‍ക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി.
— Gouri G Kishan (@Gourayy) November 8, 2025
നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയിൽ കൂടുതൽ പേർ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.
Content Highlights: Gouri Kishan's reply to youtuber