ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ RSS ഗണഗീതം ആലപിച്ച് വിദ്യാർത്ഥികൾ; വീഡിയോ പങ്കുവെച്ച് സതേണ്‍ റെയിൽവേ

ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയില്‍വേ ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്

ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ RSS ഗണഗീതം ആലപിച്ച് വിദ്യാർത്ഥികൾ; വീഡിയോ പങ്കുവെച്ച് സതേണ്‍ റെയിൽവേ
dot image

കൊച്ചി: ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ റെയില്‍വേയാണ് എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയില്‍വേ ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്.

'എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അല്‍പസമയത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു.

ഉദ്ഘോടനയോട്ടത്തില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്യുന്നത്. നവംബര്‍ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിങ് ശനിയാഴ്ച ഉച്ചയ്ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. എറണാകുളം-ബെംഗളൂരൂ എസി ചെയര്‍ കാറിന് 1095 രൂപ വരെയും എസ് എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.

Content Highlights: Students sing RSS song in Vandebharath express which inauguarated today

dot image
To advertise here,contact us
dot image