'ശരീരത്തിന്റെ ഈ മുന്നറിയിപ്പുകളെ അവഗണിക്കരുത്'; സ്ട്രോക്ക് ഉണ്ടായെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ

'ആരോഗ്യത്തെ നമ്മൾ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന ഒരു ശക്തമായ കണ്ണുതുറപ്പിക്കലായിരുന്നു ഈ സംഭവം'

'ശരീരത്തിന്റെ ഈ മുന്നറിയിപ്പുകളെ അവഗണിക്കരുത്'; സ്ട്രോക്ക് ഉണ്ടായെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ
dot image

തനിക്ക് അടുത്തിടെ നേരിയ സ്ട്രോക്ക് സംഭവിച്ചെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. പതിവായുള്ള ആരോഗ്യ പരിശോധനകളെ ഗൗരവമായി കാണണമെന്നും ശരീരം തരുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ആരോഗ്യത്തെ നമ്മൾ എത്രമാത്രം ലാഘവത്തോടെയാണ് കാണുന്നതെന്ന ഒരു ശക്തമായ കണ്ണുതുറപ്പിക്കലായിരുന്നു ഈ സംഭവമെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

വളരെ വ്യക്തിപരമായ ഒരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കണമെന്ന് ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു. ഇതെല്ലാം ഉള്ളിലൊതുക്കി വെയ്ക്കുന്നത് ചിലപ്പോൾ മറ്റൊരു ആരോഗ്യപ്രശ്നത്തിലേക്ക് നയിച്ചേക്കാം, അതിനാൽ ഞാൻ അത് തുറന്നുപറയുകയാണ്. അടുത്തിടെ എനിക്ക് നേരിയ രീതിയിലുള്ള ഒരു സ്ട്രോക്ക് സംഭവിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അത് എന്നെ ബാധിച്ചത്. എങ്കിലും സ്നേഹത്തിന്റെയും പരിചരണത്തിന്റെയും നടുവിൽ ഞാൻ നന്നായി സുഖം പ്രാപിച്ചു വരുന്നു.

ഒരുപക്ഷേ എന്നെ സ്നേഹിക്കുന്ന എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമായിരിക്കും ഈ സംഭവം കൂടുതൽ ബാധിച്ചിട്ടുണ്ടാവുക. എന്നാൽ, ആരോഗ്യത്തെ നമ്മൾ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന ഒരു ശക്തമായ കണ്ണുതുറപ്പിക്കലായിരുന്നു ഈ സംഭവം. ശരീരം ഒരു കടുത്ത മുന്നറിയിപ്പ് നൽകാൻ തീരുമാനിക്കുന്നത് വരെ നമ്മൾ നമ്മുടെ ശരീരത്തെ പരിധിവിട്ട് ബുദ്ധിമുട്ടിക്കുന്നു, മാനസിക സമ്മർദ്ദത്തെ അവഗണിക്കുന്നു, വിശ്രമം മാറ്റിവെയ്ക്കുന്നു, എന്നിട്ട് നമ്മൾ ‘സുഖമായിരിക്കുന്നു’ എന്ന് സ്വയം വിശ്വസിപ്പിക്കുന്നു.

നമ്മളിൽ പലരും ശരീരം തരുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയും. തലകറക്കം, മരവിപ്പ്, തലവേദന എന്നിവയെയൊന്നും കാര്യമാക്കുന്നില്ല. നമ്മൾ അതിന് ക്ഷീണം, കാലാവസ്ഥ, അമിത ജോലി എന്നിങ്ങനെ എന്തെങ്കിലും കാരണം കണ്ടെത്തും. പക്ഷേ യഥാർഥ കാരണം തേടിപ്പോകില്ല. ഞാനും അങ്ങനെ ചെയ്തു. ശരീരം ഈ സിഗ്നലുകൾ തമാശയ്ക്ക് വേണ്ടി അയക്കുന്നതല്ലെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്.

അതുകൊണ്ട് സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നത് ഇതാണ്, ദയവായി നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. പതിവായുള്ള ആരോഗ്യ പരിശോധനകളെ ഗൗരവമായി കാണുക. നിങ്ങളുടെ ജീവിത കഥയിലെ ഒരു പശ്ചാത്തല കഥാപാത്രത്തെപ്പോലെ ആരോഗ്യത്തെ കണക്കാക്കരുത്. നിങ്ങളുടെ ആരോഗ്യമാണ് പ്രധാന കഥാപാത്രം; മറ്റെല്ലാം അതിനെ പിന്തുടരുന്നതാണ്. വിശ്രമം എന്നത് മടിയല്ല അത് ശരീരത്തിൻ്റെ പരിപാലനമാണ്.

വെള്ളം കുടിക്കുക. ആവശ്യത്തിന് ഉറങ്ങുക. മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുക. അടുപ്പമുള്ള ആളുകളോടൊപ്പം സമയം ചെലവഴിക്കുക. ജീവിതം ഉറക്കെ ഓർമ്മിപ്പിക്കുന്നത് വരെ കാത്തിരിക്കരുത്. എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ് കൂടുതൽ ബാലൻസോടുകൂടി, സൗമ്യതയോടെ മുന്നോട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നു. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക. ജീവിതം അമൂല്യമാണ്.

നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാ തുടങ്ങിയ സിനിമകൾ ഒരുങ്ങിയ സംവിധായകനാണ് അനിൽ രാധാകൃഷ്ണൻ മേനോൻ. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം.

Content Highlights: Director Anil Radhakrishnan Menon about stroke

dot image
To advertise here,contact us
dot image