

ലോകമെമ്പാടും 64 ദശലക്ഷത്തിലധികം ആളുകളെ ഹൃദയസ്തംഭനം ബാധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും വൈകി കണ്ടുപിടിക്കുന്നതുകൊണ്ടുതന്നെ രോഗനിര്‍ണയം നടത്തുമ്പോഴേക്കും രോഗം വഷളായിട്ടുണ്ടാകും. നിലവില്‍ ഹൃദ്രോഗ നിര്‍ണയത്തിനായുള്ള പരിശോധനകള്‍ രക്തസാമ്പിളുകള്‍ പരിശോധിക്കുക, ഇമേജിംഗ് ടെസ്റ്റുകള്‍ നടത്തുക എന്നിവയാണ്. ഇവയൊക്കെ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. മാത്രമല്ല ഗ്രാമീണ മേഖലയിലും കുറഞ്ഞ സൗകര്യങ്ങളുള്ള ഇടങ്ങളിലും പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യവുമല്ല.

എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ഹൃദയസ്തംഭനം ഉണ്ടാകുമോ എന്ന് കണ്ടെത്താന്‍ ഉമിനീർ പരിശോധനയിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഈ ഉമിനീര്‍ പരിശോധന വേഗത്തില്‍ ചെയ്യാന്‍ സാധിക്കുന്നതും ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണ് എന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിലെ ക്വീന്‍ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡോ. റോക്‌സെയ്ന്‍ മട്ഷ്‌ലര്‍ പറയുന്നതനുസരിച്ച് ഹൃദയസ്തംഭനത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ പലപ്പോഴും മനസിലാക്കാന്‍ കഴിയാത്തതും അവ്യക്തവും അവഗണിക്കപ്പെടുന്നവയുമാണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമേ രോഗികള്‍ ഡോക്ടറുടെ സഹായം തേടാറുള്ളൂ. ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള ബയോസെന്‍സര്‍ പരിശോധന രോഗം വഷളാകുന്നതിന് മുന്‍പ് രോഗനിര്‍ണയം നടത്താന്‍ സഹായിക്കുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

ഹൃദയസ്തംഭനം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗികളുടെ ഉമിനീരില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ബയോമാര്‍ക്കര്‍ s100A7 (മനുഷ്യന്റെ ഉള്ളിലെ പ്രത്യേക പ്രക്രിയകളുടെയോ അവസ്ഥകളുടെയോ സൂചകങ്ങളായി വര്‍ത്തിക്കുന്ന പ്രോട്ടീന്‍ തന്മാത്രകളാണ് പ്രോട്ടീന്‍ ബയോമാര്‍ക്കറുകള്‍. രോഗം നിര്‍ണ്ണയിക്കാനും ചികിത്സയുടെ പുരോഗതി നിരീക്ഷിക്കാനും അവ പലപ്പോഴും ഉപയോഗിക്കുന്നു) ഉണ്ടെന്ന് ഗ്രിഫിത്ത് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ചാമിണ്ടി പുണ്യദീരയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. പുതിയ തരത്തിലുളള MRNA ഡിസ്‌പ്ലേ ടെക്‌നിക് ഉപയോഗിച്ച് വളരെ കൃത്യതയോടെ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രോട്ടീന്‍ ഡിക്ടക്ടറുകള്‍ ഇവര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. 31 രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഈ ഹൃദയസ്തംഭന നിര്‍ണയ പരിശോധന കൂടുതല്‍ കൃത്യതയുള്ളതാണെന്ന് മാത്രമല്ല വളരെ വേഗത്തിലും നടത്താന്‍ കഴിയും.

ഉമിനീര്‍ പരിശോധന പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. ഇത് പ്രാവർത്തികമാകുന്നതോടെ നേരത്തെ രോഗം കണ്ടുപിടിക്കാനും രോഗികള്‍ക്ക് രക്ഷപെടാനുളള വാതില്‍ തുറക്കുമെന്നുമാണ് കരുതപ്പെടുന്നു. ഇത് ആശുപത്രികളിലും ലബോറട്ടറികളിലും മാത്രമല്ല വീട്ടില്‍വച്ചും വ്യക്തിഗതമായ ആരോഗ്യ നിര്‍ണയത്തിന് വഴിയൊരുക്കും.
Content Highlights :Saliva test can now detect heart failure