

അമേരിക്കയിലും ഇപ്പോൾ ചർച്ചയാകുന്നത് ദാരിദ്ര്യവും അതിനെ മറികടക്കാനുള്ള സോഷ്യലിസ്റ്റ് നയങ്ങളുമാണ്. സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കൻ സാമൂഹ്യസാഹചര്യവുമായി ബന്ധപ്പെടുത്തി ദാരിദ്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയരുന്നത്. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ദാരിദ്ര്യം ഒരു ഘടകമായിരുന്നു എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സൊഹ്‌റാൻ മംദാനി ചൂണ്ടിക്കാണിച്ച പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളെല്ലാം ഒരുപരിധിവരെ ന്യൂയോർക്കിലെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട ഘടകങ്ങളെ നേരിട്ട് സ്വാധീനിക്കുന്നവയായിരുന്നു. ന്യൂയോർക്ക് നിവാസികളുടെ വാടക മരവിപ്പിക്കുക, സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം തുടങ്ങിയവ മംദാനി മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ അതിനാൽ തന്നെയാണ് ന്യൂയോർക്കിൽ എല്ലാ വിഭാഗത്തിലും പെട്ട സാധാരണക്കാർക്കിടയിലും ചലനങ്ങൾ ഉണ്ടാക്കിയത്.
അതിസമ്പന്നരുടെ നഗരമെന്നാണ് ന്യൂയോർക്ക് പൊതുവെ അറിയപ്പെടുന്നത്. റിയൽ എസ്റ്റേറ്റ്, ഓഹരി കച്ചവടങ്ങളിലൂടെ സമ്പത്ത് കുന്നുകൂട്ടിയ വലിയൊരു വിഭാഗം അവിടെയുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ള നഗരമാണ് ന്യൂയോർക്ക് എന്നാണ് ഫോബ്‌സും ഹ്യൂമാൻ റിസേർച്ച് ഇൻസിസ്റ്റ്യൂട്ടും പറയുന്നത്. ഫോബ്‌സിന്റെ 2025ലെ കണക്ക് പ്രകാരം ന്യൂയോർക്ക് സിറ്റിയിൽ 123 ശതകോടീശ്വരന്മാരാണുള്ളത്. ഹ്യൂമൻ റിസേർച്ച് ഇൻസിസ്റ്റ്യൂട്ടിന്റെ കണക്കിൽ ഇത് 129 ആണ്. ഇത്തരത്തിൽ അതിസമ്പന്നർക്കും അത്യാഡംബരങ്ങൾക്കും പേര് കേട്ട ന്യൂയോർക്ക് സിറ്റിയുടെ മേയറെ തെരഞ്ഞെടുക്കുന്നതിൽ ദാരിദ്ര്യം പ്രധാനപ്പെട്ട ഒരു വിഷയമായി മാറിയെന്നതാണ് സവിശേഷമായി വിലയിരുത്തപ്പെടേണ്ടത്.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരവും അതിന്റെ വൈരുദ്ധ്യവും ന്യൂയോർക്കിൽ ഏറ്റവും പ്രകടമാണ് എന്ന് കൂടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ന്യൂയോർക്ക് സിറ്റിയിലെ 25 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികൾ 26 ശതമാനമാണ്. ദാരിദ്ര്യരേഖയ്ക്ക് കാരണമാകുന്ന അഞ്ച് അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള (ഭക്ഷണം, പാർപ്പിടം, യൂട്ടിലിറ്റികൾ, വസ്ത്രം, ടെലിഫോൺ/ഇന്റർനെറ്റ്) ചെലവ് വരുമാന വളർച്ചയെയും മൊത്തത്തിലുള്ള പണപ്പെരുപ്പ് നിരക്കിനെയും മറികടന്നു എന്നാണ് 2023ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ദാരിദ്ര്യത്തിൽ കഴിയുന്ന 2.02 ദശലക്ഷം ന്യൂയോർക്കുകാരിൽ 1.6 ദശലക്ഷം പേർ മുതിർന്നവരാണെന്നും 420,000 പേർ കുട്ടികളാണെന്നുമാണ് ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത്. 2017ൽ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുട്ടികൾക്കിടയിലെ ദാരിദ്ര്യനിരക്ക് എത്തിയിരിക്കുകയാണ്. ന്യൂയോർക്ക് നഗരത്തിലെ ദാരിദ്ര്യ നിരക്ക് നേരത്തെയുണ്ടായിരുന്ന 23 ശതമാനത്തിൽ നിന്ന് 25 ശതമാനമായി മാറി. നാല് ന്യൂയോർക്കുകാരിൽ ഒരാൾ ദാരിദ്രരേഖയ്ക്ക് താഴെ ജീവിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ദാരിദ്ര്യ നിരക്ക് അമേരിക്കയുടെ ദേശീയ ദാരിദ്ര്യ നിരക്കിന്റെ ഇരട്ടിയോളമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അമേരിക്കയുടെ ദേശീയ ദാരിദ്ര്യ നിരക്ക് 13 ശതമാനമാണ്.
ഉയർന്ന ജീവിതച്ചെലവ് തന്നെയാണ് ന്യൂയോർക്ക് നഗരത്തിലെ സാധാരണക്കാരെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടുന്നതെന്നാണ് വിലയിരുത്തൽ. ദാരിദ്ര്യത്തിൽ കഴിയുന്നവർ മാത്രമല്ല ഇവിടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്നത്. ഭക്ഷണം, പാർപ്പിടം, ദൈനംദിന ജീവിതച്ചെലവുമായി ബന്ധപ്പെട്ട ബില്ലുകൾ, മറ്റ് ചികിത്സാ ആവശ്യങ്ങൾ എന്നിവയ്ക്കായി മധ്യവർഗങ്ങളിലെ ഒരു വിഭാഗം പോലും കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള ഭൗതിക പ്രതിസന്ധികൾ ന്യൂയോർക്കിൽ ഉടനീളം വ്യാപകമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് ദാരിദ്ര്യരേഖയ്ക്ക് മുകളിൽ താമസിക്കുന്ന ന്യൂയോർക്കുകാരെയും ബാധിച്ച് തുടങ്ങിയെന്നത് മംദാനിയുടെ വിജയം അടിവരയിടുന്നുണ്ട്. പുതിയ കണക്കുകൾ പ്രകാരം ന്യൂയോർക്ക് നിവാസികളിൽ നാലിലൊന്ന് (26 ശതമാനം) പേർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സമ്പത്തിലെയും വരുമാനത്തിലെയും വലിയ അസമത്വവും ന്യൂയോർക്കിൽ വർദ്ധിക്കുന്നതായും കണക്കുകൾ പറയുന്നു.
ന്യൂയോർക്കിലെ CPRAC (Child Poverty Reduction Adviosry Council)യുടെ പരിധിയിൽ വരുന്ന കുടുംബങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അത്ര ശുഭകരമല്ല. CPRAC അർഹതയുള്ള 43 ശതമാനം കുടുംബങ്ങൾക്കും 400 ഡോളർ പോലും ചെലവഴിക്കാനുള്ള കഴിവില്ലെന്നാണ് റിപ്പോർട്ട്. 73 ശതമാനം രക്ഷകർത്താക്കൾക്കും വിലക്കയറ്റത്തിന്റെ ഭാഗമായി അവരുടെ സമ്പാദ്യത്തിൽ കുറവ് വരുത്തേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല ഇവരിൽ 31 ശതമാനത്തിന് പണപ്പെരുപ്പത്തെ നേരിടാൻ അധിക സമയം ജോലി ചെയ്യേണ്ടി വരികയോ അല്ലെങ്കിൽ രണ്ടാമത് ഒരു ജോലി കൂടി ഏറ്റെടുക്കേണ്ടി വരികയോ ചെയ്യുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. CPRAC ഗുണഭോക്താക്കളുടെ പകുതിയിലധികവും വാടയ്ക്ക് താമസിക്കുന്നവരാണ്. വരുമാനത്തിന്റെ 30 ശതമാനത്തേക്കാൾ കൂടുതലാണ് ഇവർക്ക് വാടകയിനത്തിൽ ചെലവഴിക്കേണ്ടി വരുന്നതെന്ന് ഫെബ്രുവരി 2025ൽ പുറത്തിറക്കിയ The State of Poverty and Disadvantage in New York City Vol. 7 എന്ന ടൈറ്റിലിലുള്ള വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
നെതന്യാഹുവിനും സയണിസത്തിനും എതിരെ ആഞ്ഞടിക്കുകയും പലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും ന്യൂയോർക്കിലെ ജൂത വംശജരും മംദാനിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ദാരിദ്രം അടക്കം മുകളിൽ ചൂണ്ടിക്കാണിച്ച സാമൂഹിക-ഭൗതിക പിന്നാക്ക അവസ്ഥകളാണ് പ്രധാനമായും ന്യൂയോർക്കിലെ ജൂത വിഭാഗങ്ങളെയും മംദാനിക്ക് പിന്നിൽ അണിനിരത്തിയത്. ന്യൂയോർക്കിലെ ജൂത വിഭാഗക്കാരിൽ 20 ശതമാനം കുടുംബങ്ങളും ദാരിദ്രരേഖയുടെ അടിസ്ഥാനത്തിൽ ദരിദ്രരോ ദാരിദ്ര്യത്തിനോട് അടുത്ത് ജീവിക്കുന്നവരോ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് അഞ്ചിൽ ഒരു ജൂത കുടുംബം ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. ജൂതകുടുംബങ്ങളിലെ 36 ശതമാനം കുട്ടികളും ദാരിദ്ര്യമോ ദാരിദ്ര്യത്തോട് അടുത്ത അവസ്ഥയോ നേരിടേണ്ടി വരുന്നു. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ദാരിദ്ര്യം എന്തുകൊണ്ട് ചർച്ചയായി എന്നത് അടിവരയിടുന്നതാണ് ഈ കണക്കുകൾ.
അതിസമ്പന്നരിൽ നിന്ന് അധിക നികുതി ചുമത്തി പാവപ്പെട്ടവരായ ആളുകൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുമെന്ന കാഴ്ചപ്പാട് മംദാനി മുന്നോട്ട് വെച്ചിരുന്നു. ന്യൂയോർക്കിലെ സാഹചര്യത്തിൽ മാത്രമല്ല അമേരിക്കയെ സംബന്ധിച്ച് പുതിയ കാലത്ത് സാധാരണക്കാരെ സ്വാധീനിക്കാവുന്ന ഏറ്റവും ക്രിയാത്മകമായ മുദ്രാവാക്യമായിരുന്നു ഇത്. സോഷ്യൽ ഡമോക്രാറ്റായ ഒരു പൊതുപ്രവർത്തകന് അമേരിക്കൻ സാഹചര്യത്തിൽ ഉയർത്താവുന്ന ഏറ്റവും വിപ്ലവകരമായ ആശയം കൂടിയാണിത്. ഈ നിലപാടിൽ അടങ്ങിയിരിക്കുന്ന സാധാരണക്കാരന്റെ ജീവിതപരിസരത്തോടുള്ള വൈകാരിക അടുപ്പം അത്രമേൽ ശക്തമാണ്. അതുകൊണ്ട് മാത്രമായിരുന്നു മംദാനിയുടെ ഈ സോഷ്യലിസ്റ്റ് ആശയം അമേരിക്കയിലെ തീവ്രവലതുപക്ഷത്തെ വിറളി പിടിപ്പിച്ചത്. അതിസമ്പന്നരും ബിസിനസ് താൽപ്പര്യമുള്ള ഉദ്യോഗസ്ഥ വൃന്ദവും നിയന്ത്രിക്കുന്നുവെന്ന് ആക്ഷേപമുള്ള അമേരിക്കൻ ജനാധിപത്യ വ്യവസ്ഥയിൽ ഇത്തരമൊരു ആശയം സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതല്ല. അമേരിക്കൻ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്ത് മംദാനി ഉയർത്തിയ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ അതിനാൽ തന്നെ മുതലാളിത്ത സാമൂഹ്യക്രമത്തെ നിയന്ത്രിക്കുന്ന അമേരിക്കയിലെ ഭരണവർഗത്തിന് ചില്ലറ അലോസരമല്ല സൃഷ്ടിച്ചത് എന്ന് തെളിയിക്കുന്നതായിരുന്നു മംദാനിക്കെതിരെ ഉയർന്ന ഹേറ്റ് കാംപെയ്‌നുകൾ.
മാർക്‌സ് ഉയർത്തിയ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർഗപരമായ സംഘർഷങ്ങളെയും അസമത്വങ്ങളുടെ പേരിലുള്ള വൈരുദ്ധ്യങ്ങളെയും ഒരു ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ പകർത്തി വെയ്ക്കുന്നതായിരുന്നു മംദാനി ഉയർത്തിയ ബദൽ നിലപാടുകൾ. അതിന്റെ അപകടം തിരിച്ചറിഞ്ഞാണ് ട്രംപ് മംദാനിയെ കമ്മ്യൂണിസ്റ്റാക്കി മുദ്രകുത്തിയത്. അമേരിക്കയുടെ വിഖ്യാതമായ ജനാധിപത്യത്തിനും അമേരിക്കൻ ജീവിതരീതിക്കും കമ്മ്യൂണിസം ഭീഷണിയാണെന്ന നരേറ്റീവ് ശീതയുദ്ധ കാലത്ത് ഭരണകൂടവും മാധ്യമങ്ങളും രൂപപ്പെടുത്തിയിരുന്നു. ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരത്തെ പൊടിതട്ടിയെടുക്കാനാണ് ട്രംപ് ശ്രമിച്ചത്. മാത്രമല്ല യുറോപ്പിലും ലാറ്റിൻ അമേരിക്കയിലുമെല്ലാം മുതലാളിത്തത്തിന് ബദലാണ് സോഷ്യലിസം എന്ന പ്രചാരണം ശക്തപ്പെടുന്നുണ്ട്. ലോകത്ത് പല രാജ്യങ്ങളിലും ഇടതുപക്ഷ-സോഷ്യലിസ്റ്റ് നേതാക്കൾ ഭരണത്തിലെത്തുന്നുമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് മംദാനി ഉയർത്തുന്ന സോഷ്യലിസ്റ്റ് ബദൽ നിലപാടുകൾ ട്രംപ് അടക്കമുള്ളവർ ഭീഷണിയായി കാണുന്നത്.

എന്തായാലും ന്യൂയോർക്ക് നഗരം മംദാനിയെ സ്വീകരിക്കുമ്പോൾ സ്വീകരിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം ഉയർത്തിയ ബദൽ നിലപാടുകൾ കൂടിയാണ്. 2028 നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മംദാനി ഉയർത്തിയ ദാരിദ്ര്യം അടക്കമുള്ള അമേരിക്കയിലെ സാധാരണക്കാരുടെ വിഷയങ്ങളും ബദൽ സോഷ്യലിസ്റ്റ് ആശയങ്ങളും ചർച്ചയാകാനുള്ള ഒരു പശ്ചാത്തലം കൂടി നിലവിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ന്യൂയോർക്ക് മേയർ എന്ന നിലയിൽ മംദാനി സ്വീകരിക്കുന്ന നയസമീപനങ്ങൾ അമേരിക്കയെയും വരാനിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്ന് തീർച്ചയാണ്. മംദാനിക്കെതിരായ ട്രംപിന്റെ വൈര്യനിര്യാതന ബുദ്ധിയോടെയുള്ള സമീപനം അതിനാൽ തന്നെ കൂടുതൽ പ്രകടമാകാനേ സാധ്യതയുള്ളു.
Content Highlights: Poverty is a topic of discussion in America Why is Trump afraid of Mandani's socialist alternative