

കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന് ബിജെപിയിലേക്ക് വരാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി. എന്നാൽ ബിജെപിക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
'ഇ പി ജയരാജൻ സിപിഐഎം വിട്ട് ബിജെപിയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ജയരാജൻ മാമനോട് ഞങ്ങൾക്ക് പറയാനുള്ളത് ആ പൂതി നടക്കില്ലെന്നാണ്. എല്ലാവരെയും ബിജെപിയിൽ എടുക്കാനാവില്ല' അബ്ദുള്ളക്കുട്ടി പറഞ്ഞു.
'ജയരാജന് ഞങ്ങളുടെ കൂടെ വരാൻ താല്പര്യമുണ്ട്. പക്ഷെ ഞങ്ങൾക്ക് അദ്ദേഹത്തോട് അത്ര താല്പര്യമില്ല. അതിനുവേണ്ടി എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. ജയരാജൻ വേണ്ട എന്നാണ് പൊതുവിലുള്ള വികാരം. ജയരാജനെ പോലൊരാൾക്ക് പറ്റിയ ഇടമല്ല ബിജെപി. പി ജയരാജൻ കൂടി ഒരു പുസ്തകം എഴുതിയാൽ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവരും' അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
ഗോവിന്ദൻ മാഷേയും പി ജയരാജനെയും വിമർശിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൂട്ടാണ് ഇ പി ജയരാജന്റെ പുസ്തകമെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. എല്ലാവരെയും പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ പാർട്ടി സെക്രട്ടറിയായ, പ്രധാനപ്പെട്ട ആളായ എം വി ഗോവിന്ദനെ മാത്രം വിളിച്ചില്ല. പിണറായി അടക്കം പങ്കെടുത്ത പരിപാടിയിൽ ഗോവിന്ദൻ മാഷ് അധ്യക്ഷനാകുമെന്നാണ് താൻ പ്രതീക്ഷിച്ചത്. എന്നാൽ ക്ഷണിച്ചുകൊണ്ട് ഒരു കത്ത്‌പോലും കൊടുത്തില്ല. അത്രമാതം ഗോവിന്ദൻ വിരോധമാണ് ഇപിയുടെ പുസ്‌തകത്തിലും പ്രകാശന ചടങ്ങിലും കാണാനായത്. പി ജയരാജൻ കൂടി ഒരു പുസ്തകം എഴുതിയാൽ ഇ പി ജയരാജന്റെ എല്ലാ കഥയും പുറത്തുവരും. അതാണ് തനിക്ക് പി ജയരാജനോട് അഭ്യർത്ഥിക്കാനുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മകനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത 'ഇതാണെന്റെ ജീവിതം' എന്ന ഇ പിയുടെ ആത്മകഥയിൽ പറയുന്നുണ്ട്. ബിജെപി നേതാവ് പല തവണ ഫോണിൽ വിളിച്ചു. എന്നാൽ അവൻ ഫോൺ എടുത്തില്ല. താൻ ബിജെപി നേതാവുമായി ചർച്ച നടത്തിയെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും പുസ്തകത്തിലുണ്ട്. ഇതേകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
Content Highlights: A P Abdullakutty says EP Jayarajan is interested in joining BJP