

വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു എന്ന പരാമർശത്തിൽ മറുപടിയുമായി മന്ത്രി സജി ചെറിയാൻ. വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും 'പോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും മന്ത്രി പറഞ്ഞു.
മുൻപ് നടത്തിയ പ്രസംഗത്തിലാണ് മന്ത്രി സജി ചെറിയാൻ വേടനെ 'പോലും' ഞങ്ങൾ സ്വീകരിച്ചു എന്ന പരാമർശം നടത്തിയത്.
'ഒരുപാട് പ്രഗത്ഭരായ ഗാനരചയിതാക്കൾ ഇൻഡസ്ട്രിയിലുണ്ട്…അങ്ങനെയുള്ള സ്ഥലത്ത് നല്ല ഒരു കവിത എഴുതിയ വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് പറഞ്ഞത്. 'പോലും' എന്ന വാക്ക് വളച്ചൊടിക്കരുത്. ഒരു ഗാനരചയിതാവ് അല്ലാത്ത ഒരാൾ എഴുതുമ്പോൾ അത് കേരളം സ്വീകരിച്ചുവെന്നാണ് പറഞ്ഞത്. അതിന്റെ നല്ല വശം എടുക്ക് എല്ലാം നെഗറ്റീവ് ആയിട്ട് ചിന്തിക്കരുത് പോസിറ്റീവ് ആയിട്ട് എടുക്ക്', സജി ചെറിയാൻ പറഞ്ഞു.
55-ാമത് ചലച്ചിത്ര പുരസ്‌കാരത്തിൽ ഇക്കൊല്ലം ബാലതാരങ്ങൾക്ക് അവാർഡുകൾ ലഭിക്കാത്തതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികൾക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള ക്രിയേറ്റീവായ അഭിനയം ജൂറി കണ്ടില്ലെന്നും അവർ അതിൽ സങ്കടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Saji Cherian Reacts on his statement about vedan