

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനെ ഒരുമിച്ച് ഗാനം ആലപിക്കാന്‍ ക്ഷണിച്ച് ഇന്ത്യയുടെ വനിതാതാരം ജെമീമ റോഡ്രിഗസ്. വനിതാ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയാല്‍ ജെമീമയ്‌ക്കൊപ്പം ഡ്യുയറ്റ് ഗാനം അവതരിപ്പിക്കുമെന്ന് ഗവാസ്‌കര്‍ വാഗ്ദാനം നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ലോകകപ്പ് സെമിയില്‍ ജെമീമ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം.
ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ഗവാസ്‌കറുടെ സന്ദേശത്തെ കുറിച്ച് പ്രതികരിച്ച് ജെമീമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഗവാസ്‌കറിന്റെ വാഗ്ദാനത്തെ ഓര്‍മ്മിപ്പിച്ചത്.
'ഹായ് സുനില്‍ ഗവാസ്‌കര്‍ സാര്‍. ഞാന്‍ താങ്കളുടെ സന്ദേശം കണ്ടു. ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ നമ്മള്‍ ഒരുമിച്ച് ഒരു പാട്ട് പാടുമെന്ന് താങ്കള്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ ഗിറ്റാറുമായി റെഡിയാണ്. മെക്കുമായി താങ്കളും തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്‌നേഹം, എല്ലാത്തിനും നന്ദി സാര്‍', ജെമീമ വീഡിയോയില്‍ പറഞ്ഞു.
ഗിറ്റാറുമായാണ് ജെമീമ വീഡിയോയില്‍ എത്തിയത്. 'താങ്കള്‍ തന്ന വാക്ക് ഓര്‍മയുണ്ടാവുമെന്ന് കരുതുന്നു. ഞാന്‍ തയ്യാറാണ്. താങ്കള്‍ക്കൊപ്പം പാട്ടുപാടാന്‍ കാത്തിരിക്കുകയാണ്', എന്ന ക്യാപ്ഷനോടെയാണ് സുനില്‍ ഗവാസ്‌കറെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്തതിന് പിന്നാലെയാണ് ജെമീമ റോഡ്രിഗസിന് വാക്കുനൽകി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയത്. 'ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഞാനും ജമീമയും ചേര്‍ന്ന് ഒരു ഗാനം ആലപിക്കും. ജെമീമ തയാറാണെങ്കിൽ അങ്ങനെ ചെയ്യും. അവരുടെ ഗിറ്റാറും കൂടെയുണ്ടാകും. കുറച്ചു കാലം മുമ്പ് ബിസിസിഐയുടെ ഒരു പുരസ്‌കാരദാനച്ചടങ്ങില്‍ തങ്ങള്‍ ഡ്യുയറ്റ് നടത്തിയിരുന്നു, ഇന്ത്യ ലോകകപ്പ് വിജയിക്കുകയാണെങ്കിൽ ഞങ്ങൾ അത് ആവർത്തിക്കും. ഈ പ്രായമുള്ള ആളോടൊപ്പം ജെമീമ അതിന് തയ്യാറാണെങ്കിൽ ഒരുമിച്ച് ഗാനം ആലപിക്കും', ഗവാസ്‌കര്‍ പറഞ്ഞു.

2024 ലെ ബിസിസിഐയുടെ പുരസ്കാരദാന ചടങ്ങില്‍ ഗാവസ്‌കറും ജെമീമയും ചേർന്ന് സ്റ്റേജിൽ 'ഹം കിസിസെ കം നഹീന്‍' എന്ന ജനപ്രിയ ചിത്രത്തിലെ 'ക്യാ ഹുവാ തേരാ വാഡ' ഗാനം അവതരിപ്പിച്ചിരുന്നു.
Content Highlights: Jemimah Rodrigues Reminds Sunil Gavaskar's Promise To Sing a song together