ഫൈബർ വള്ളം പിക്കപ്പ് വാന് മുകളിൽവെച്ചുകെട്ടി തിരുനെൽവേലിയിൽനിന്ന് ബേപ്പൂരിലേക്ക് അപകടകരമായ യാത്ര;പിഴയിട്ട് MVD

തിരുനെല്‍വേലി സ്വദേശിയുടേതാണ് വാഹനം. ബേപ്പൂര്‍ സ്വദേശി സി പി മുഹമ്മദ് നിസാമിന്റേതാണ് ബോട്ട്

ഫൈബർ വള്ളം പിക്കപ്പ് വാന് മുകളിൽവെച്ചുകെട്ടി തിരുനെൽവേലിയിൽനിന്ന് ബേപ്പൂരിലേക്ക് അപകടകരമായ യാത്ര;പിഴയിട്ട് MVD
dot image

തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍വെച്ചുകെട്ടി അപകടകരമായ യാത്ര. തമിഴ്‌നാട് നിന്നുള്ള വാഹനത്തിലാണ് സംഭവം. തിരുനല്‍വേലിയില്‍ നിന്ന് ബേപ്പൂരിലേക്കായിരുന്നു യാത്ര. തൃശൂര് വെച്ച് പിക്കപ്പ് വാന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീണു. പരിശോധനയില്‍ വാഹനത്തിന് ഫിറ്റ്‌നസ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകളും ഇന്‍ഷുറന്‍സും ഇല്ലെന്ന് വ്യക്തമായി. ഇതോടെ എംവിഡി 27,500 രൂപ പിഴയിട്ടു.

തിരുനെല്‍വേലി സ്വദേശിയുടേതാണ് വാഹനം. ബേപ്പൂര്‍ സ്വദേശി സി പി മുഹമ്മദ് നിസാമിന്റേതാണ് ബോട്ട്. പിക്കപ്പ് വാനിന്റെ മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നില്‍ക്കുന്ന രീതിയിലായിരുന്നു ബോട്ട് ഉണ്ടായിരുന്നത്. മാത്രവുമല്ല, വാഹനം വളവുകള്‍ തിരിയുമ്പോള്‍ മറിയാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഫൈബര്‍ ബോട്ടുമായി പിക്കപ്പ് വാന്‍ തിരുനല്‍വേലിയില്‍ നിന്ന് പുറപ്പെട്ടത്. രാവിലയോടെ തൃശൂരില്‍ എത്തി. അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ട തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജു വാഹനം പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് ഫിറ്റ്‌നസ് അടക്കമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പിഴയീടാക്കുകയായിരുന്നു.

പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന ലോഡ് കയറ്റിയതിന് 20,000 രൂപയും ഫിറ്റ്‌നസിന് 3,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 രൂപയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയും ചേര്‍ത്താണ് ആകെ 27,500 രൂപ പിഴചുമത്തിയത്. ബോട്ട് വലിയ ലോറിയില്‍ മാറ്റി കയറ്റി കൊണ്ടുപോകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights- MVD fined tamilnadu registered pickup van for carrying fiber boat from tirunelveli to beypore

dot image
To advertise here,contact us
dot image