കിഫ്ബി@25; 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍

25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി

കിഫ്ബി@25; 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍
dot image

നവകേരള നിര്‍മിതിയുടെ മുന്നേറ്റത്തിന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സംസ്ഥാന ധനവകുപ്പിന് കീഴില്‍ സ്ഥാപിതമായ ഏജന്‍സിയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തിനിടയില്‍ കിഫ്ബി വഴി അംഗീകാരം നല്‍കിയത് 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ്. ഇതില്‍ 37,388 കോടി രൂപ ചെലവഴിച്ചു. 21881 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 27,273 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

1183 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് 70,562 കോടിയാണ് കിഫ്ബി വഴി അംഗീകരിച്ചത്. 20,000 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കല്‍ പാക്കേജുകള്‍ക്കും കിഫ്ബി വഴിഅംഗീകാരം നല്‍കിയത്. വിവിധ മേഖലകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങി നിലവില്‍ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്.

104 പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ പൂര്‍ത്തിയാക്കിയത്. ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന വിഹിതമായി കിഫ്ബി വഴി 5581 കോടി രൂപ കൈമാറി. ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിന് 126.94 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഒമ്പത് താലൂക്ക് ആശുപത്രിയുടെയും രണ്ട് ജനറല്‍ ആശുപത്രിയുടെയും ഒരു ജില്ലാ ആശുപത്രിയുടെയും മലബാര്‍ കാന്‍സര്‍ സെന്ററിലെയും പണി പൂര്‍ത്തിയാക്കി. 45 ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി. 49 ഐസൊലേഷന്‍ വാര്‍ഡുകള്‍ പൂര്‍ത്തിയാക്കി.

വ്യവസായ രംഗത്ത് ഭൂമി ഏറ്റടുക്കുന്നതിന് 20,000 കോടിയാണ് ചെലവഴിക്കുന്നത്. വൈദ്യുതി മേഖലയില്‍ ട്രാന്‍സ് ഗ്രിഡ് പദ്ധതിക്കായി 1709 കോടി ചെലവഴിച്ചു. 579 സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കി. മത്സ്യവകുപ്പിനു കീഴിലൂടെ 50 സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചു. 44700 സ്‌കൂളുകളില്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി. ആനക്കാംപൊയില്‍ മേപ്പാടി ടണല്‍ റോഡ് നിര്‍മാണത്തിന് 2135 കോടിയുടെ പദ്ധതി അംഗീകരിച്ചു. കേശവദാസപുരം മുതല്‍ അങ്കമാലിവരെ എംസി റോഡ് വികസനത്തിന് 1900 കോടി രൂപയുടെ ഭരണാനുമതി നല്‍കി. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണ പദ്ധതി നടപ്പാക്കാന്‍ കിഫ്ബിക്ക് കീഴില്‍ എസ്പിവി രൂപീകരണത്തിനും അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2227 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു.

Content Highlights: KIIFB@25 1190 projects worth Rs 90,562 crore

dot image
To advertise here,contact us
dot image